കേടുപറ്റാത്ത വീടിന് നാല് ലക്ഷം, ഉദരരോഗത്തിന് ചികിത്സ തേടിയയാൾക്ക് ഹൃദ്രോഗത്തിന് സഹായം; ദുരിതാശ്വാസ നിധിയിൽ കൂടുതൽ ക്രമക്കേടുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടിയത് കണ്ടെത്താൻ താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും വിജിലൻസ് മിന്നൽ പരിശോധന തുടരുന്നു. ഇന്നലെയും ഇന്നുമായി നടത്തിയ തുടർ പരിശോധനയിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.

കൊല്ലം ജില്ലയിൽ പടിഞ്ഞാറേ കല്ലട സ്വദേശിക്ക് പ്രകൃതി ക്ഷോഭത്തിൽ വീടിന്‍റെ 76 ശതമാനം കേടുപാട് സംഭവിച്ചതിൽ നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ, വിജിലൻസ് നടത്തിയ സ്ഥല പരിശോധനയിൽ വീടിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് അപേക്ഷകനെ നേരിൽ കണ്ട് വിവരം തേടിയപ്പോൾ ലഭിച്ച മറുപടി ഇയാൾ അങ്ങനെയൊരു അപേക്ഷ നൽകുകയോ സ്ഥല പരിശോധനക്ക് ഉദ്യോഗസ്ഥരാരും ഇതുവരെ വന്നിട്ടില്ലെന്നുമായിരുന്നു. അക്കൗണ്ടിൽ വന്ന പണം ഇയാൾ ഇതുവരെ ചിലവഴിച്ചിട്ടില്ലെന്നും വിജിലൻസ് വിഭാഗം അറിയിച്ചു.


തിരുവനന്തപുരം വർക്കല താലൂക്ക് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഒരു ഏജന്‍റിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ച് ആറ് അപേക്ഷകൾ അയച്ചിരിക്കുന്നതായി കണ്ടെത്തി. മാറനല്ലൂർ സ്വദേശിക്ക് അപ്പെന്‍റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നൽകിയിട്ടുണ്ട്.


കൊല്ലത്ത് റേഷൻ കാർഡിന്‍റേയും ആധാർ കാർഡിന്‍റേയും പകർപ്പുകൾ ഇല്ലാതെ അപേക്ഷിച്ചവർക്കും അപേക്ഷയിൽ പറഞ്ഞ രോഗത്തിനല്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയവർക്കും തുക അനുവദിച്ചിട്ടുണ്ട്. കൊല്ലം തൊടിയൂർ വില്ലേജ് ഓഫിസിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കൈയ്യക്ഷരമാണ്. ഇടനിലക്കാർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിജിലൻസ് സംശയിക്കുന്നത്.


ആലപ്പുഴ ജില്ലയിൽ പരിശോധിച്ച 14 അപേക്ഷകളിൽ പത്തെണ്ണത്തിലും ഒരു ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകിയതായും ഒരു ദിവസം തന്നെ ഒമ്പത് ചികിത്സ സർട്ടിഫിക്കറ്റുകൾ ഇതേ ഡോക്ടർ വിവിധ രോഗികൾക്ക് നൽകിയതായും വിജിലൻസ് കണ്ടെത്തി.


ഇടുക്കി തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്‍റെ ഫോൺനമ്പർ ഒന്നുതന്നെയാണെന്നും ഇവയെല്ലാം ഒരേ അക്ഷയസെന്റർ വഴി സമർപ്പിച്ചതാണെന്നും കണ്ടെത്തി.


കോഴിക്കോട് തലക്കുളത്തൂർ വില്ലേജിലെ വിദേശമലയാളിയുടെ മകന് ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചതിലും സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മക്ക് 25,000 രൂപ ചികിത്സാസഹായം അനുവദിച്ചതിലും കൂടുതൽ അന്വേഷണം നടത്തും.


നിരവധി വില്ലേജുകളിൽ ഒരേ ഡോക്ടർ തന്നെ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ സഹായം അനുവദിച്ചിട്ടുണ്ട്. ഒരേ ഫോൺ നമ്പറുകൾ നൽകിയ അപേക്ഷകളും കണ്ടെത്തി.


അനർഹരെ കണ്ടെത്താൻ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ നൽകുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ്ആപിലൂടെ 9447789100 എന്ന നമ്പരിലോ അറിയിക്കാം. 

Tags:    
News Summary - kerala cmdrf fund fraud vigilance enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.