മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം പ്രഖ്യാപിക്കും -കെ. മുരളീധരൻ

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ 48 മണിക്കൂറിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം നാളെ ഡൽഹിയിലെത്താൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാനാണ് സാധ്യത. പരമാവധി 48 മണിക്കൂറിനകം ചിത്രം വ്യക്തമാകും.

ചർച്ചകൾക്കായി നാളെ രാവിലെ തന്നെ ഡൽഹിക്ക് തിരിക്കും. ഹൈക്കമാൻഡ് നിരീക്ഷകരോട് തന്റെ നിലപാടുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിലെ കൃത്യതയെ മുരളീധരൻ ചോദ്യം ചെയ്തു. ‘നിങ്ങൾ പറയുന്ന പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണ’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകളുടെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും, നാളെയും മറ്റന്നാളുമായി നടക്കുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം മാത്രമേ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിതെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നീ അഞ്ച് മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ​ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നാളെ ഡൽഹിയിൽ എത്താനാണ് നിർദേശം. മുഖ്യമന്ത്രി തീരുമാനം ഇവരോട് കൂടി അന്തിമമായി ചർച്ച നടത്തി പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാൻ വിട്ടുവീഴ്ചയില്ലാതെ മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു സമവായത്തിൽ നേതൃത്വം എത്തിയിട്ടില്ല. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഡൽഹി വിട്ടുപോവുകകൂടി ചെയ്തതോടെ വിഷയത്തിൽ തുടർനടപടി ഉണ്ടായിരുന്നില്ല.

ഞായറാഴ്ച വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്കും കോൺഗ്രസ് നേതാവിന്റെ മരണത്തെ തുടർന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതോടെയാണിത്. ഇരുവരും തിരിച്ചുവന്ന ശേഷമേ തുടർ നടപടി ഉണ്ടാകൂ. പ്രഖ്യാപനം എന്ന് നടക്കുമെന്ന സൂചന നൽകാൻപോലും കോൺഗ്രസ് ഹൈകമാൻഡ് തയാറാകാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്.

Tags:    
News Summary - Kerala CM Will Be Announced Within 48 Hours: K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.