ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻറ് തലത്തിൽ അന്തിമ തീരുമാനമാകാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു. കെ.സി. വേണുഗോപാലിന് ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, വി.ഡി. സതീശൻ കടുത്ത നിലപാടുമായി രംഗത്തെത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശൻ അനുകൂലികൾ തെരുവിലിറങ്ങി. പ്രിയ നേതാവിന്റെ ചിത്രങ്ങളുമേന്തിയാണ് പലയിടങ്ങളിലും പ്രകടനങ്ങൾ നടക്കുന്നത്.
അതേസമയം, ഹൈക്കമാൻഡ് പ്രഖ്യാപനം തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.സി. വേണുഗോപാൽ പക്ഷവും വിപുലമായ പ്രകടനങ്ങൾക്കായി തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഡൽഹിയിൽ നിന്നുള്ള ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ചർച്ചകളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തനിക്കാണെന്നും അതിനാൽ മുഖ്യമന്ത്രി പദവിയിൽ നിന്ന് പിന്നോട്ടില്ലെന്നും കെ.സി. വേണുഗോപാൽ കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് വിവരം. ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നാണ് സതീശൻ പക്ഷത്തിന്റെ വാദം. ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള സമവായ ഫോർമുലകൾ അദ്ദേഹം തള്ളിയതായാണ് സൂചന. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഓരോരുത്തരെയും വെവ്വേറെ കണ്ട് സംസാരിക്കാനാണ് ഹൈക്കമാൻഡ് നീക്കം. വി.ഡി. സതീശനെ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുക എന്ന ഫോർമുല പരിഗണനയിലുണ്ടെങ്കിലും സതീശൻ ഇതിനോട് യോജിച്ചിട്ടില്ല.
തർക്കം വിജയത്തിന്റെ ശോഭ കെടുത്തിയെന്നും പ്രവർത്തകരുടെ മനസ്സ് മടുപ്പിച്ചെന്നും മുതിർന്ന നേതാക്കൾ തന്നെ ഇതിനോടകം വിമർശനമുന്നയിച്ചിട്ടുണ്ട്. പ്രവർത്തകരിൽ നിന്നും ബാഹ്യസമ്മർദ്ദമുണ്ടാകുന്നത് പക്വതയില്ലായ്മയാണെന്ന് ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ ഈ തീരുമാനത്തിനായി അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രവർത്തകരും പൊതുജനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.