എം.എൽ.എമാരുടെ പിന്തുണ കെ.സിക്ക്; കടുത്ത നിലപാടിൽ വി.ഡി


ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി വേണുഗോപാലിനാണെന്ന് കേന്ദ്ര നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിലാണ് നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചത്.

എം.എൽ.എമാരുടെ നിലപാട് കണക്കിലെടുക്കുമ്പോൾ കെ.സി വേണുഗോപാലിനാണ് മുൻതൂക്കമെന്ന് മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരടങ്ങിയ നിരീക്ഷക സംഘം വ്യക്തമാക്കി. എം.എൽ.എമാരുടെ പിന്തുണ തനിക്ക് അനുകൂലമാണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ.സി വേണുഗോപാൽ നിലപാടെടുത്തു.

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശൻ കടുത്ത നിലപാടിലാണ്. ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന മറ്റ് സമവായ ഫോർമുലകൾ അംഗീകരിക്കില്ലെന്ന സൂചനയാണ് സതീശനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. ഘടകകക്ഷികളുടെ പിന്തുണ തനിക്കാണെന്നത് സതീശന് കരുത്തേകുന്നു.

വി.ഡി സതീശനെ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുക എന്ന ഫോർമുലയാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. എന്നാൽ ഇതിന് സതീശൻ വഴങ്ങാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

സീനിയോറിറ്റി പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന നിലപാടിലാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി എന്നിവർക്ക് പുറമെ കേരളത്തിൽ നിന്നുള്ള നേതാക്കളായ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും കേന്ദ്ര നിരീക്ഷകരും ചർച്ചയിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ എല്ലാ നേതാക്കളെയും ഒരുമിച്ച് ഇരുത്തിയാണ് ഹൈക്കമാൻഡ് ചർച്ച നടത്തിയത്. തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നേതാക്കളെ ഓരോരുത്തരെയായി വെവ്വേറെ കണ്ട് ചർച്ച തുടരാനാണ് ഹൈക്കമാൻഡ് നീക്കം. കേരള രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ.

Tags:    
News Summary - Kerala CM Race: KC Gets MLAs’ Backing, VD Refuses to Budge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.