സ്വാതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് നിയമസഭ, സ്വാതന്ത്ര്യ സമര ചരിത്രം ഓർമിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠമെന്ന് സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം: 15-ാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക സമ്മേളനമാണ് ആദ്യ ദിനത്തിൽ സഭ ചേരുന്നത്. സ്വാതന്ത്ര്യ സമരത്തിന് ധീരമായി നേതൃത്വം നൽകുകയും അതിൽ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി സ്വജീവൻ അർപ്പിച്ച എല്ലാ ധീരരക്തസാക്ഷികൾക്കും സഭ ആദരമർപ്പിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രം ഓർമിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ചരിത്രത്തിന്‍റെ പാഠങ്ങളെ വർത്തമാനത്തിൽ ഉപയോഗിക്കാൻ കഴിയണമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

മതരാഷ്ട്രവീക്ഷണവും ഇതേകാലയളവിലാണ് രാജ്യത്ത് ഉണ്ടായിരുന്നത്. മതരാഷ്ട്രവാദത്തിന്‍റെ ആളുകളാണ് ഗാന്ധിജിയുടെ ഘാതകരായത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു. സ്വാതന്ത്ര്യദിനാഘോഷ സമയത്ത് കണ്ടത് നീതി നിഷേധത്തിന്‍റെ വാർത്തകളാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഭയാനകമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച വ്യത്യസ്ത ധാരകളെ ഉൾകൊണ്ടു കൊണ്ടാണ് നമ്മുടെ ഭരണഘടന രൂപം കൊണ്ടത്.

മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യവുമെല്ലാം സ്വാതന്ത്ര്യ പോരാളികളുടെ ഇന്ത്യയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നുവെന്ന് വിസ്മരിക്കരുത്. അത്തരം മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും അവയുടെ സംരക്ഷണത്തിനായി ശക്തമായി പോരാടുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഗാന്ധിയെയും നെഹ്റുവിനെയും ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. മാപ്പ് എഴുതി കൊടുത്തവരെ പകരം വെക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ചരിത്രത്തിന്‍റെ വിരോധാഭാസമാണെന്നും സതീശൻ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ശത്രുവായി കണ്ടുള്ള ഫാഷിസത്തിന്‍റെ തിരിച്ചു വരവാണ് ഇപ്പോഴത്തേത്. അതിതീവ്ര ദേശീയത രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Kerala Assembly Tribute to Freedom Fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.