തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താത്കാലികമായി നിർത്തിവെച്ചിരിരുന്ന സഭാ സമ്മേളനത്തിനാണ് തുടക്കമാവുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തോൽപ്പിച്ചതിന്റെ ഊർജവുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.
സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാവും അവരുടെ നീക്കം. പുതുപ്പള്ളിയിലെ വലിയ വിജയം പ്രതിപക്ഷത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മാസപ്പടി വിവാദം, തെരഞ്ഞെടുപ്പ് തോൽവി തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം പ്രതിപക്ഷം ആയുധമാക്കിയേക്കും.
നാല് ദിവസത്തെ സഭാ സമ്മേളനത്തിൽ വിവാദ വിഷയങ്ങളടക്കം ഉയർന്ന് വരുമെന്നുറുപ്പ്. അതേസമയം, പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഭരണപക്ഷത്തിന് മുന്നിലുള്ളത്. തോൽവിയിൽ ഇതുവരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സഭയിൽ ഉണ്ടായേക്കും.
ചോദ്യോത്തര വേളയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്കായി ചാണ്ടി ഉമ്മൻ നിയമസഭാ മന്ദിരത്തിലേക്ക് പോവുക തിരുവനന്തപുരത്തെ ‘പുതുപ്പള്ളി ഹൗസിൽ’നിന്നാവും. പുതുപ്പള്ളി മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തിലൂടെ പദയാത്ര പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ശനിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഞായറാഴ്ച മുതിർന്നനേതാക്കളെ കണ്ട് അനുഗ്രഹംവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.