ആറന്മുള: ‘ഹാ പുഷ്പമേ അധിക തുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീഭൂവിലസ്ഥിരമസംശയമിന്നുനിന്റെ യാഭൂതിയിങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ’...വീണപൂവിൽ കുമാരനാശാൻ കുറിച്ചിട്ട വരികൾ ആറന്മുളയിൽ അച്ചട്ടായിരിക്കുകയാണ്. വിമർശനങ്ങളുടെ കത്രികപ്പൂട്ടിൽ കുരുങ്ങിയ മന്ത്രി വീണാ ജോർജിന്, തോൽവിയെന്ന അത്യാഹിതം പിണഞ്ഞിരിക്കുന്നു.
ആറന്മുളയിലെത്തിയപ്പോൾ ആ കപ്പൽ ആടിയുലഞ്ഞിരിക്കുന്നു. ഒരു കപ്പിത്താനും ഈ കപ്പൽച്ചേതത്തിൽ മാഡത്തിന്റെ രക്ഷക്കെത്തിയില്ല. കഴിഞ്ഞ യാത്രയിൽ വിജയതീരത്ത് അതിസുരക്ഷിതമായി നങ്കൂരമിട്ട് ക്യാപ്റ്റന്റെ മന്ത്രിപരിവാരത്തിൽ ഇരിപ്പുറപ്പിച്ചിടത്തുനിന്നാണ് ഇത്തവണ മൂക്കറ്റം മുങ്ങിയത്. ആരോഗ്യം അമ്പേ ക്ഷയിച്ചുപോയ കളരിയിൽ ഇപ്പോൾ ഏറ്റിരിക്കുന്ന പരിക്ക് അതിഗുരുതരം തന്നെ.
ഇനി ആറന്മുള കണ്ണാടിയിലൊന്നു നോക്കിയാൽ എതിരായ ഘടകങ്ങളെല്ലാം തെളിഞ്ഞുവരും. ജനരോഷം ശക്തമായിരുന്നുവെന്നത് സമ്മതിക്കാതെ തരമില്ല. കപ്പിത്താന്റെ ടീമിൽ നിർണായക പൊസിഷനിലായിരുന്നുവെങ്കിലും അഞ്ചുവർഷ ഭരണത്തിൽ മിസ്പാസുകളായിരുന്നു അധികവും. ചർച്ചകൾ നിയന്ത്രിക്കുന്നതിനേക്കാൾ അതിശ്രമകരമാണ് നാലരക്കോടിയുടെ ആരോഗ്യം കാക്കുന്നതെന്ന് പതിയെപ്പതിയെ തെളിഞ്ഞുവന്നു. കരിങ്കൊടിയുടെ കാറ്റേൽക്കുമ്പോൾ പറ്റുന്ന പരിക്കു പോലെയല്ല, ഓപറേഷൻ ടേബിളിലെ കത്രിക വയറ്റിൽവെച്ച് തുന്നിക്കെട്ടിയാലുള്ള വേദനയെന്ന് രോഗികൾ കരഞ്ഞുപറഞ്ഞതിന്റെ അനുരണനം ആറന്മുളയിലെത്തിയത് സ്വാഭാവികം.
‘പിക്ചർ അഭീ ഭീ ബാക്കീ ഹേ..’എന്ന് പറഞ്ഞ് അബിൻ വർക്കിയെത്തിയതോടെ പ്രതീക്ഷകൾ ഐ.സി.യുവിലായി. കുമ്മനം രാജശേഖരന്റെ വരവു കൂടിയായപ്പോൾ നില ആശങ്കാജനകം. ത്രികോണത്തിൽ ഭാഗ്യം തെളിയുമെന്നായിരുന്നു വാദം. പക്ഷേ, ത്രിവർണത്തിനൊപ്പമായിരുന്നു തിരയിളക്കം. സ്ഥാനാർഥി കുമ്മനമായതോടെ ബി.ജെ.പി വോട്ടുകളിൽ നുഴഞ്ഞുകയറി നേട്ടംകൊയ്യാമെന്ന മോഹവും വൃഥാവിലായി. 2016-ൽ എം.ടി. രമേശ് നേടിയതിനൊപ്പം വോട്ടുകൾ വോട്ട് കുമ്മനം കീശയിലാക്കിയതോടെ കാര്യങ്ങൾ ഗുണകരമായത് യു.ഡി.എഫിന്.
വീണാ മാഡത്തിനെതിരെ സി.പി.എമ്മിനുള്ളിൽതന്നെ ‘കുലംകുത്തികൾ’ പലരുമുണ്ടായിരുന്നു. അഞ്ചാണ്ടുമുമ്പ് നെഞ്ചോടുചേർത്ത ന്യൂനപക്ഷ വോട്ടുകൾ, മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളുമില്ലാത്ത സർക്കാർ ആശുപത്രിയിൽനിന്ന് സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികളെപ്പോലെ കളംമാറ്റിച്ചവിട്ടി. കഴിഞ്ഞ തവണ സദാസമയവും കൂടെനിന്ന സഭാസന്നാഹങ്ങളും സഹൃദയത്വം കാട്ടിയില്ല. ആരോഗ്യ മേഖലയിലടക്കം ആറന്മുളയിൽ വികസനം കൊണ്ടുവരാനായില്ലെന്ന കുത്തുവാക്കുകളുമേറെ. ഒപ്പം, ശക്തമായ ഭരണ വിരുദ്ധവികാരവും. വിമർശനങ്ങളുടെ മുൾമുനയിൽനിന്ന മന്ത്രി ആറന്മുളയിൽ തോറ്റതിൽ അതിശയം കുറയുന്നതിന് കാരണങ്ങൾ ഒരുപാടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.