‘ശോഭക്ക് ശക്തിയുണ്ടെന്ന് സി.പി.എം പറയേണ്ടതില്ല, ഷാഫി നല്ലവനെങ്കിൽ കൂടെയുള്ളവരും നല്ലവരാകില്ലേ? ഒന്ന് ചോദ്യം ചെയ്യണ്ടേ?’ -ശോഭ സുരേന്ദ്രൻ

പാലക്കാട്: തനിക്ക് ശക്തി ഉണ്ട് എന്ന് മാർക്സിസ്റ്റ് പാർട്ടി പറയേണ്ട കാര്യമില്ലെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ശോഭയുടെ ശക്തി എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളാണെന്നും അവർ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ശോഭ ശക്തയാണെന്ന് പറഞ്ഞ് സിപിഎം ആണ് ബിജെപി സ്ഥാനാർഥിയുടെ ശക്തി കൂട്ടുന്നത്’ എന്ന ഷാഫിയുടെ വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ, സാധാരണക്കാർക്ക് വേണ്ടി, ഇവിടുത്തെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി, അട്ടപ്പാടിയിലെ ട്രൈബൽ ഹോസ്റ്റലിൽ സമരം നടക്കുമ്പോൾ ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല. ഈ ശോഭാ സുരേന്ദ്രൻ ഉണ്ടായിരുന്നു. കിളിരൂരും കവിയൂരും കേരളത്തിൽ ചർച്ച ചെയ്യുമ്പോൾ, ഇവിടുത്തെ അമ്മമാർക്ക് വേണ്ടിയും ഇവിടുത്തെ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം നടത്താൻ എല്ലായിടങ്ങളിലും യാത്ര ചെയ്ത ഒരാളാണ് ഞാൻ. എനിക്ക് ശക്തി ഉണ്ട് എന്ന് മാർക്സിസ്റ്റ് പാർട്ടി പറയേണ്ട കാര്യമില്ല. ശോഭയുടെ ശക്തി എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളാണ്. അതിൽ കോൺഗ്രസുകാരും ഉണ്ട് മാർക്സിസ്റ്റുകാരും ഉണ്ട്. അതുകൊണ്ട് ആരും എന്റെ ശക്തി കൂട്ടേണ്ടതില്ല.

എന്താ കാരണം എന്ന് വെച്ചാൽ 13 വയസ്സു മുതൽ അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ തുടങ്ങിയതാണ്. ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വത്തിൽ 12 സ്ത്രീകളിൽ ഒരാളായി. തെലങ്കാന, ആന്ധ്രയുടെയും ചുമതല ഏറ്റെടുക്കാൻ സാധിച്ചതും ഞാൻ കൺവീനർ ആയി മെമ്പർഷിപ്പ് ഡ്രൈവിന്റെ പ്രവർത്തനത്തിൽ പ്രവർത്തിച്ചത് ഇന്നത്തെ ക്യാബിനറ്റ് മിനിസ്റ്റർ അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകന്റെ മുന്നിലോ പൊതുസമൂഹത്തിന്റെ മുന്നിലോ ഞാൻ വലിയ ഒരാളാണെന്നോ, എനിക്ക് ശക്തി കൂടുതലുള്ള ആളാണെന്നോ ഒന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ 24 മണിക്കൂറിൽ ബഹുഭൂരിപക്ഷം വരുന്ന മണിക്കൂറുകളും സമൂഹത്തിൻറെ സേവനത്തിനു വേണ്ടി മാറ്റിവെക്കാൻ തയ്യാറായ ഒരു സേവികയാണ്, ജോലിക്കാരിയാണ്’ -ശോഭ പറഞ്ഞു.

‘ശോഭാ സുരേന്ദ്രനെതിരെ പറയാൻ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ സി.പി.എമ്മും എൽ.ഡിഎഫും പറയുക. ഈ ഷാഫി പറമ്പിൽ അല്ലേ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആശാൻ? ഈ മുൻസിപ്പൽ കൗൺസിലറുടെ ആശാനും ഷാഫി പറമ്പിൽ അല്ലേ? അപ്പോ ഷാഫി പറമ്പിലിനെ ഒന്ന് ചോദ്യം ചെയ്യണ്ടേ? എന്തുകൊണ്ടാണ് ഷാഫി പറമ്പിലിന്റെ കൂടെ നിൽക്കുന്നവർ ഇത്തരത്തിലുള്ള പീഡന കേസുകളിൽ പ്രതിയാകുന്നത്? ഷാഫി പറമ്പിൽ നല്ലവനാണെങ്കിൽ കൂടെ നിൽക്കുന്നവർ നല്ലവരാകില്ലേ? ആ ചോദ്യത്തിനാണ് കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിൽ ഉത്തരം പറയേണ്ടത്. എത്രയോ പെൺകുട്ടികളെ ഭീഷണിപ്പെടുത്താൻ ആശാൻ പരിശ്രമിക്കുന്നു എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടതിനാൽ സ്വന്തം കറ മായ്ച്ചുകളയാനുള്ള പദ്ധതികളുമായി രംഗത്ത് വരുന്നതാണ് നല്ലത്. അല്ലാതെ മറ്റു കാര്യങ്ങളിലേക്ക് ഒന്നും ശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതണ്ട’ -ശോഭ പറഞ്ഞു.

എസ്ഡിപിഐ- സിപിഎം ധാരണയെ കുറിച്ച് ചോദിച്ചപ്പോൾ ‘ഈ രാജ്യത്ത് മുസൽമാനെയും ഹിന്ദുവിനെയും ചേരിതിരിച്ചു നിർത്തുന്ന, ഭീകര സംഘടനകളുമായിട്ട് രണ്ടു മുന്നണികളും തരാതരം പോലെ കൂട്ടുകൂടിയിട്ടുണ്ട് എന്നുള്ളത് എത്രയോ കാലമായി ബിജെപി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കൂടെ ജമാഅത്ത് ഇസ്‍ലാമി കൂടുന്നു മറ്റൊരാളുടെ കൂടെ എസ്ഡിപിഐ കൂടുന്നു. ഇത് പറയാൻ ഭാരതീയ ജനതാ പാർട്ടി മാത്രമേ ഈ കേരളത്തിൽ ഉള്ളൂ. പാലക്കാട് മണ്ഡലത്തിൽ ബിജെപിയുമായി ഏറ്റുമുട്ടാനുള്ള സംഘടനാശേഷി കഴിഞ്ഞ കാലങ്ങളിൽ ഒന്നും മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നില്ല. അവർ എന്നും മൂന്നാം സ്ഥാനത്ത് തന്നെയാണ്. അങ്ങനെയുള്ള പ്രസ്ഥാനത്തിനെയാണോ ഇവിടെ ശക്തിയുക്തം എതിർക്കേണ്ടത് അതോ കോൺഗസിനെയോ? ഇവിടുത്തെ പരിണിതപ്രജ്ഞരായ നല്ല ഒരൊറ്റ കോൺഗ്രസുകാരനെ പോലും സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫിന് എന്തുകൊണ്ട് സാധിക്കുന്നില്ല? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പരിപാടിയുമായി നടന്നിട്ട് കാര്യമില്ല.

ഏത് ഒളിത്താവളത്തിലാണ് ഷാഫി പറമ്പിൽ ഈ കൗൺസിലർ ഒളിപ്പിച്ചിട്ടുള്ളത് എന്ന ഒറ്റ ചോദ്യത്തിനാണ് മിസ്റ്റർ ഷാഫി പറമ്പിൽ ഉത്തരം പറയേണ്ടത്. പുറത്തിറക്കി വിടണം അയാളെ. അതാണ് ആദ്യം ചെയ്യേണ്ടത്. രണ്ട് രാഹുൽ മാങ്കൂട്ടത്തിനെ കൊണ്ടുനടന്ന്, വിഡി സതീശിനെ കൊണ്ട് വലിയ തണലൊരുക്കിച്ചു കൊടുത്തത് ഷാഫി പറമ്പിലാണ്. അതുകൊണ്ട് മോന്തായം വളഞ്ഞാൽ കഴുക്കോല് വളയും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ഇനിയും കഥകൾ പുറത്തു വരാൻ കിടക്കുന്നതേ ഉള്ളൂ എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും തിണ്ണ നിരങ്ങാൻ ഞങ്ങൾ തയ്യാറല്ല എന്ന് പറഞ്ഞു വെല്ലു വിളിച്ച യു.ഡി.എഫ്, ജമാഅത്തെ ഇസ്‍ലാമിയുടെ തിണ്ണ നിരങ്ങിയിട്ടുണ്ട്. അത് ഇവിടുത്തെ വോട്ടർമാർ മനസ്സിലാക്കിയിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും അല്ലാതെ നേർരേഖയിലൂടെ യാത്ര ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ പാലക്കാട് മണ്ഡലത്തിൽ ബഹുഭൂരിപക്ഷത്തിൽ ജയിക്കും’ -ശോഭ സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - kerala assembly election 2026: sobha surendran against shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.