കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ ഒരിടത്തും ഈസി വാക്കോവർ കാണുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. ‘ധർമ്മടത്ത് പോലും ഈസി വാക്കോവർ പ്രതീക്ഷിക്കുന്നില്ല. ജനങ്ങളെ കാണുക, വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുക, എല്ലായിടത്തും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുക, മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരിക ഇതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ഒരു മണ്ഡലത്തിലും ഈസി വാക്കോവർ ഇല്ല. ഒരു മണ്ഡലവും ഞങ്ങൾ കൈവിടുന്നുമില്ല’ -കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കുക, വികസനവും ക്ഷേമവും ജനങ്ങളിൽ എത്തിക്കുക എന്ന വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ജി. സുധാകരന് നല്ല തിരിച്ചടിയായിരിക്കും ഉണ്ടാവുക. ആലപ്പുഴ പുന്നപ്രവയലാറിന്റെ സമര പോരാട്ട കേന്ദ്രമാണ്. വർഗവഞ്ചകന്മാരോടൊപ്പം നിൽക്കുന്നവരല്ല പുന്നപ്ര വയലാറിലെ ജനങ്ങൾ. സുധാകരൻ കോൺഗ്രസിൽ പോയത് അവർക്ക് വിനയായിരിക്കുകയാണ്. ‘ഞാൻ പറയും പോലെ നടത്തിക്കൊള്ളണം’ എന്നാണ് അവരോട് സുധാകരൻ പറഞ്ഞത്. ‘അങ്ങനെ പറഞ്ഞാൽ ശരിയാവില്ല, ഞങ്ങൾ പറയുന്നത് നിങ്ങൾ അനുസരിച്ചോളണം’ എന്നാണ് അപ്പോൾ കെ സി വേണുഗോപാൽ പറഞ്ഞത്. വേണുഗോപാൽ പറഞ്ഞിട്ട് പോലും അദ്ദേഹം അനുസരിക്കുന്നില്ല. മാല ഇട്ടതൊക്കെ നല്ലതാണ്. പക്ഷേ, കെ.സിക്ക് വിധേയമാവുമോ ജി. സുധാകരൻ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി’ -അദ്ദേഹം പറഞ്ഞു.
‘തളിപ്പറമ്പിൽ സി.പി.എമ്മിൽ നിന്ന് പോയ ടി.കെ. ഗോവിന്ദൻ വർഗ്ഗവഞ്ചകനാണ്. സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പോയി അവരുടെ പിന്തുണയും വാങ്ങി മത്സരിക്കേണ്ട ഒരാളല്ല അദ്ദേഹം. ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണി എത്രയോ ദിവസം പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്. എത്രയോ ദിവസം ശ്രീകണ്ഠപുരം പാർട്ടി ഓഫിസിൽ ഏരിയ കമ്മിറ്റി യോഗം കഴിഞ്ഞാൽ രമണി പാർട്ടിയുടെ ചോറ് തിന്നിട്ടുണ്ട്. ഇപ്പോൾ ആ ചോറിന്റെ കാര്യം പറയേണ്ട കാര്യമില്ല. രാഷ്ട്രീയ ചോറാണെങ്കിൽ അങ്ങനെ പറഞ്ഞോ. രമണിയുടെ ഭർത്താവ് ഗോവിന്ദൻമാഷ് പാർട്ടി മാറുന്ന ദിവസം ഉച്ചക്ക് മയ്യിൽ പാർട്ടി ഓഫിസിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് പോയി പാർട്ടിക്ക് എതിരെ പത്രസമ്മേളനം നടത്തിയത്. ‘എനിക്ക് ചോറ് തരുന്നത് ഗോവിന്ദൻ മാഷല്ലേ, അതുകൊണ്ട് ഞാൻ ഗോവിന്ദൻ മാഷെ കൂടെ നിൽക്കാം’ എന്നാണ് രമണി പറഞ്ഞത്. ചോറിന്റെ കൂറല്ല, രാഷ്ട്രീയ കൂറാണ് അവർക്കുണ്ടായത്. അതുകൊണ്ടാണ് നടപടി എടുത്തത്. ഇനിയും അവർ പാർട്ടി ഓഫീസിൽ ഭക്ഷണത്തിന് വന്നാൽ നമ്മൾ കൊടുക്കേണ്ടി വരും. അത് കൊണ്ടാണ് ഞാൻ ഇക്കാര്യം പറഞ്ഞത്’
‘ഒരാളും കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് അയോഗ്യനല്ല. പക്ഷേ, ഞാനാണ് പരമയോഗ്യൻ എന്ന മട്ടിൽ സ്ഥാനാർത്ഥി മോഹവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ആരും വരാറില്ല. എകെജിയെ 1952ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത് ഞാനാണ് പരമയോഗ്യൻ എന്ന് പറഞ്ഞതുകൊണ്ടല്ല. ആത്മകഥയിൽ അദ്ദേഹം പറഞ്ഞത് ‘ഇക്കാലമത്രയും ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ പൊരുതുകയായിരുന്നു ഞാൻ, ഇനി എന്റെ ആഗ്രഹം ജനങ്ങളുടെ അടുത്തേക്ക് പോകണം, പണ്ട് ഞാൻ ജനങ്ങൾക്കു വേണ്ടി നടത്തിയിട്ടുള്ള പോരാട്ടം പോലെ വീണ്ടും പോരാട്ടം തുടരണം’ എന്നാണ്. ഇതാണ് ഒരു കമ്മ്യൂണിസ്റ്റ്. എന്നാൽ ടി കെ ഗോവിന്ദൻ പാർലമെന്ററി വ്യാമോഹത്താൽ അദ്ദേഹം രാഷ്ട്രീയമായി തെറ്റായ നിലയിലേക്ക് എത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിൽ നടപടി എടുത്തത്. അദ്ദേഹം ഷാൾ സ്വീകരിച്ചത് അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകനായ വി. ഭാസ്കരനെ വീട്ടിൽ പോയി കൊല്ലാക്കൊല ചെയ്യാൻ ഗുണ്ടാ സംഘത്തെ അയച്ച സുധാകരന്റെ കയ്യിൽ നിന്നാണ്. ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ല’ -ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.