കോഴിക്കോട്: ജനമനസ്സിലെന്തെന്നതിന്റെ നേരിയ സൂചന പോലും മനസ്സിലാക്കാൻ പറ്റാതെ പോയതാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത തകർച്ചക്ക് ആക്കം കൂട്ടിയത്. കേരളത്തിൽ ഭരണ വിരുദ്ധ വികാരത്തേക്കാൾ മുകളിൽ ആഞ്ഞടിച്ച പിണറായി വിരുദ്ധ വികാരമാണ് എൽ.ഡി.എഫിന്റെ അടിവേരിളക്കിയത്. പത്തുവർഷത്തെ പിണറായി ഭരണത്തിനൊടുവിൽ മാറ്റം വേണമെന്ന കേരളത്തിന്റെ മനോഭാവമാണ് ബാലറ്റിൽ പ്രതിഫലിച്ചത്. പിണറായിയോടുള്ള ജനത്തിന്റെ മടുപ്പ് തിരിച്ചറിയാതെ സംസ്ഥാനത്തുടനീളം മുക്കിന് മുക്കിന് മുഖ്യമന്ത്രിയുടെ കൂറ്റൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചത് ഇടതിന് തിരിച്ചടിയായി.
ധർമടം പോലൊരു മണ്ഡലത്തിൽ പിണറായി നേരിട്ട കടുത്ത വെല്ലുവിളി പോലും അതിന്റെ കൃത്യമായ സൂചനയാണ്. പാർട്ടിയുടെ എക്കാലത്തേയും വലിയ കോട്ടകളിലൊന്നായ ധർമടത്ത് വമ്പൻ ഇമേജ് സൃഷ്ടിച്ച് പോരിനിറങ്ങിയ പിണറായി താരതമ്യേന അറിയപ്പെടാത്ത വി.പി. അബ്ദുൽ റഷീദിനോട് ആദ്യ നാലു റൗണ്ടുകളിൽ 2500ലേറെ വോട്ടിന് പിന്നിലായത് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നായി. പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ പാർട്ടിയുടെ അടിത്തറക്കേറ്റ വിള്ളൽ പരിഹരിക്കാൻ സി.പി.എം ഇനി ഏറെ പാടുപെടും.
പിണറായിയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടതിനൊപ്പം പി.ആർ. പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെ മുഖം മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രങ്ങൾ വിരുദ്ധ ഫലമാണ് എൽ.ഡി.എഫിന് സമ്മാനിച്ചത്. പ്രധാന നിരത്തുകളിൽ ഓരോ 100 മീറ്ററിനുള്ളിലും ‘ചോദ്യം വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന കമന്റ് ഉൾപ്പെടെ പ്രചാരണത്തിന്റെ മൂർധന്യത്തിൽ സംഭവിച്ച പാളിച്ചകളും പിണറായി വിരുദ്ധ വികാരം ആളിക്കത്തിച്ചുവെന്നുവേണം കരുതാൻ. മോഹൻലാലിനെ വെച്ച്, ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ പി.ആർ. അഭിമുഖമൊന്നും ജനം മുഖവിലക്കെടുത്തില്ല. ഓരോ ഹോർഡിങ്ങിലും വികസനത്തിന്റെ അക്കങ്ങൾ നിരത്തിയിട്ടും വോട്ടർമാർ തിരിഞ്ഞുനോക്കിയില്ല.
പാർട്ടിയെ പൂർണമായും കൈപ്പിടിയിലൊതുക്കിയ പിണറായിക്കെതിരെ സി.പി.എം അണികളിൽ ഒരു വിഭാഗം എതിരായിരുന്നു. പാർട്ടിയിലെ പരമ്പരാഗത അനുഭാവികളും തിരിഞ്ഞുകുത്തിയെന്നുവേണം കരുതാൻ. പിണറായി വിജയനു പകരം മറ്റൊരാളെ മുൻനിർത്തിയായിരുന്നു ഇടതുമുന്നണിയും സി.പി.എമ്മും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതെങ്കിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞേനേ. പാർട്ടിയിൽനിന്ന് ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും അടക്കമുള്ള മുതിർന്ന നേതാക്കൾ പിണറായിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നിലപാടുകളിൽ പ്രതിഷേധിച്ച് എതിർപാളയത്തിലേക്ക് ചേക്കേറുന്ന അതിശയക്കാഴ്ചകളും ഈ തെരഞ്ഞടുപ്പു കാലത്ത് കണ്ടു.
കേരളമാകെ പിണറായി വിരുദ്ധ വികാരമാണ് പ്രകടമായതെന്നും യു.ഡി.എഫ് തകർപ്പൻ ജയം നേടുമെന്നുമുള്ള ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിന്റെ പ്രവചനം കൃത്യമായി ഭവിക്കുകയാണ്. പിണറായിക്കും മരുമകൻ പി.എ. മുഹമ്മദ് റിയാസിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് അൻവർ യു.ഡി.എഫിനൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.