വടകര: കേരളം എന്ന പേരുപോലും പ്രിയപ്പെട്ട നാളികേരത്തില്‍നിന്ന് ഉടലെടുത്തതാണ്. നാടിന് 60 തികയുന്നവേളയില്‍ നാളികേര കര്‍ഷകന്‍െറ തേങ്ങലാണ് ഉയരുന്നത്. ഒരു നാടും സ്വന്തം പേരിനോട് ചേര്‍ത്ത് വിളയെ ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷേ, ഇന്ന് കല്‍പവൃക്ഷ കര്‍ഷകന് പറയാനുള്ളത് തകര്‍ച്ചയുടെ കഥകളാണ്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ടി.കെ. അബ്ദുല്ല തന്‍െറ അനുഭവം പറയുന്നതിങ്ങനെ;‘‘1967ല്‍ രണ്ടര രൂപയാണ് കൂലി. ഒരു തേങ്ങക്ക് ഒരു രൂപയാണെന്നാണ് ഓര്‍മ. അന്ന് മൂന്നൂരൂപ കൂലി കൊടുത്തതിന്‍െറ പേരില്‍ മറ്റു കര്‍ഷകരില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോള്‍ കൂലി 500 രൂപ. തേങ്ങക്ക് ആറുരൂപയാണ് ലഭിക്കുന്നത്. 1960ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 100 രൂപ വില. അനുജന് മഹര്‍ കൊടുക്കാന്‍ സ്വര്‍ണം വാങ്ങിയതിന്‍െറ ഓര്‍മയുണ്ടിപ്പോഴും. സ്വര്‍ണത്തിനിപ്പോള്‍ 23,000 രൂപയായി. മറ്റെല്ലാ മേഖലയിലും പതിന്മടങ്ങ് വര്‍ധനവുണ്ടായപ്പോള്‍ തേങ്ങ മാത്രം പിന്നോട്ടുപോയി. ഒരാളുടെ സാമ്പത്തിക നിലവാരം സമൂഹം കണക്കാക്കിയത് പറമ്പിലെ തെങ്ങിന്‍െറ എണ്ണം നോക്കിയാണ്. ഇന്നതൊക്കെ ഓര്‍മയായി’’.

 മലയാളി അന്നംതേടി സിലോണിലേക്കും ഗള്‍ഫിലേക്കും പോകുന്നതിനുമുമ്പ്, വിശപ്പകറ്റിയിരുന്നത് തേങ്ങയായിരുന്നു. ചിത്രം പാടെ മാറി. 150 തെങ്ങുകളുള്ള ഒരു കര്‍ഷകന്‍െറ അവസ്ഥ പരിശോധിക്കാം. 150 തെങ്ങില്‍നിന്ന് വര്‍ഷത്തില്‍ ശരാശരി  6000 തേങ്ങ ലഭിക്കും. കയറാനുള്ള കൂലി 40 രൂപ. വര്‍ഷത്തില്‍ മൂന്നുതവണ തെങ്ങില്‍ കയറാന്‍ 18,000 രൂപ വരും. പറമ്പ് കിളക്കുന്നതിനും മറ്റുമായി കൂലി 500 രൂപയാണ്. നൂറു തൊഴിലാളികള്‍ ജോലി ചെയ്യുമ്പോള്‍ 50,000 രൂപ കൂലി വരും. ചാണകം വളമായിടുന്നതിന് ഒരുകുട്ടക്ക് 130 രൂപയാണ് വില. ഈ കണക്കില്‍ 19,500 രൂപ വേണ്ടിവരും. സാധാരണ വളങ്ങളായ വെണ്ണീറും മറ്റും ഉപയോഗിക്കുന്നതിന് ഒരു തെങ്ങിന് 90 രൂപ വരും. അങ്ങനെ 13,500 രൂപ വേണം. ഇങ്ങനെ ചെലവിനത്തില്‍ 101,000 രൂപ വരും.

ഒരു തേങ്ങക്ക് ആറുരൂപ നിരക്കില്‍ ലഭിക്കുന്നത് 36,000 രൂപയാണ്. ചുരുങ്ങിയത് 65,000 രൂപ പുറമേനിന്ന് കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം തമിഴ്നാടിനും കര്‍ണാടകത്തിനും പിന്നിലായത്. എട്ടുലക്ഷം ഹെക്ടറോളം സ്ഥലത്ത് കൃഷിയുള്ള കേരളത്തില്‍ 5798.04 ദശലക്ഷം നാളികേരമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. എന്നാല്‍, 4.65 ലക്ഷം ഹെക്ടറില്‍നിന്ന് തമിഴ്നാട് 6917.25 ദശലക്ഷം തേങ്ങ ഉല്‍പാദിപ്പിക്കുന്നു. 5.13 ലക്ഷം ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് കര്‍ണാടകം 6058.86 ലക്ഷവും വിളവെടുക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 10 വര്‍ഷത്തിനിടെ ആയിരക്കണക്കിന് തെങ്ങുകളാണ് വെട്ടിമാറ്റിയത്. കേരള ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സിന്‍െറ കണക്കുകള്‍ നല്‍കുന്നത് ഈ മേഖലയുടെ നാശമാണ്. കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കരാറുകളും കര്‍ഷകരെ ഗൗനിക്കാതെയുള്ള ഇറക്കുമതിനയവുമെല്ലാം തിരിച്ചടിയുടെ വേഗം കൂട്ടി.

നീരയുള്‍പ്പെടെയുള്ള വൈവിധ്യങ്ങളിലേക്ക് തിരിഞ്ഞെങ്കിലും വിപണി കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് നിരവധി ഭക്ഷ്യ എണ്ണകളും നാളികേര ഉല്‍പന്നങ്ങളും എത്തിത്തുടങ്ങി. പാമോയിലിനോടും സോയാബീന്‍ എണ്ണയോടും വിലയുടെ കാര്യത്തില്‍ വെളിച്ചെണ്ണക്ക് മത്സരിക്കാനാവാതായി. 2006ലെ കണക്കനുസരിച്ച് ഒരു ഹെക്ടറില്‍നിന്ന് 600 കിലോ വെളിച്ചെണ്ണയാണ് ഉല്‍പാദിപ്പിച്ചിരുന്നത്. അതേസമയം മലേഷ്യ ഒരു ഹെക്ടറില്‍നിന്ന് മൂന്നര ടണ്‍ പാമോയിലാണ് ഉണ്ടാക്കുന്നത്. ഇവിടെ, നാളികേരത്തിന് കിതക്കാതെ വയ്യ. തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിലയുള്ളപ്പോള്‍ കേരളവിപണിയില്‍ മാത്രം വില കുറയുന്നതിന്‍െറ കാരണം പഠിക്കാന്‍ കഴിയുന്നില്ല.

Tags:    
News Summary - kerala @ 60 coconut tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.