കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വിദേശത്തേക്ക് കടന്നതായി വിവരംലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്ന കാര്യം കൃത്യമായി അറിയാനായിട്ടില്ല. അതിനാൽ ഇവർക്കെതിരെ ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് അറിയുന്നത്.
കേസിലെ അഞ്ച് പ്രതികളിൽ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആൺസുഹൃത്ത് പൊലീസിന് വിശദമായ മൊഴി നൽകിയിരുന്നു. മൊഴിയുടെയും ആൺ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പൊലീസ് പ്രതി ചേർത്തത്.
അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എ.സിപി.ക്ക് യുവതിയുടെ കുടുംബം പരാതി നൽകിയിരുന്നു. ആൺ സുഹൃത്ത് യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മൂന്നര വർഷം മുൻപ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.