‘ക്ലാസിൽ ഏറ്റവും സാധുവാണ് ഫർഹാസ്, ആഞ്ഞ്‌ ശബ്ദിച്ചാൽ പേടിച്ചിരിക്കുന്ന മോൻ...’

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പൊലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽപെട്ട് മരിച്ച അംഗഡിമുഗർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായ ഫർഹാസിനെ കുറിച്ച് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകൻ ഫർഹാസ് ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

സ്‌കൂളിൽ വെള്ളിയാഴ്ച നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർഥി കാറുമായി എത്തിയിരുന്നു. സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തുവെന്ന് എം.എൽ.എ പറയുന്നു. തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് പോവുകയായിരുന്നു. പിന്നാലെ അതിവേഗത്തിൽ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്തുടർന്നു. ഇതോടെ വെപ്രാളത്തിൽ ഓടിയ വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറുടെ സമീപം മുൻ സീറ്റിലുണ്ടായിരുന്ന ഫർഹാസിന് ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം മംഗലാപുരത്തെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ അഷ്റഫ് എം.എൽ.എ സന്ദർശിച്ചിരുന്നു. ക്ലാസിൽ ഏറ്റവും സാധുവായ കുട്ടിയാണ് ഫർഹാസ് എന്നും ഒന്ന് ആഞ്ഞ്‌ ശബ്ദിച്ചാൽ പേടിച്ചിരിക്കുന്ന മോനാണിതെന്നും ആശുപത്രിയിൽ ഉണ്ടായിരുന്ന അംഗഡിമുഗർ സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി ടീച്ചറും ഫസീല ടീച്ചറും കണ്ണീരോടെയാണ് പറഞ്ഞു തീർത്തതെന്ന് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

‘തീവ്ര പരിചരണ വിഭാഗത്തിലുള്ള ഫർഹാനെ കണ്ടപ്പോൾ "എനിക്ക് ഇവിടെ കിടക്കാൻ ആവുന്നില്ലെന്നും എന്നെ ഡിസ്ചാർജ്ജ് ചെയ്തു വീട്ടിലേക്ക് വിടുവാൻ പറയ് എന്നും എന്റെ ഉമ്മയെ വിളിക്കെന്നും" പറയുമ്പോൾ നെഞ്ചിനകത്ത് വല്ലാത്ത വീർപ്പ് മുട്ടലും സങ്കടവും അലതല്ലുന്നുണ്ടായിരുന്നു. പുറമേക്ക് സാരമായ പരുക്ക് കാണാത്ത ആ കുട്ടിക്കറിയുന്നില്ലല്ലോ താൻ വലിയൊരു അപകടത്തിൽ പെട്ടിരിക്കുകയാണെന്നൊന്നും. അവനെ സമാധാനിപ്പിച്ച് പുറത്തിറങ്ങി. ചികിത്സിക്കുന്ന പ്രമുഖ ഞരമ്പ് രോഗ വിദഗ്ദനായ ഡോ. രാജേഷ് ഷെട്ടിയോട് കുട്ടിയുടെ ആരോഗ്യ നിലയെ പറ്റി അന്വേഷിച്ചിരുന്നു, സങ്കടപ്പെടുത്തുന്ന ഏറെ നിരാശാജനകരമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്’ -അ​ഷ്റഫ് എം.എൽ.എ എഴുതി.

എം.എൽ.എയുടെ കുറിപ്പ് വായിക്കാം:

നാടിന്റെയും നാട്ടുകാരുടേയുമൊക്കെ പ്രാർത്ഥനകൾ വിഫലമാക്കി പ്രിയപ്പെട്ട ഫർഹാസ്‌ മോൻ നമ്മെ വിട്ടു പിരിഞ്ഞു.

മൂന്ന് ദിവസം മുൻപ് പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽ പെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകനും അംഗഡിമുഗർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർഹാസ്‌ ‌ മരണപ്പെട്ടുവെന്ന സങ്കടകരമായ വാർത്തയാണ് ഇന്ന് രാവിലെ തന്നെ കേൾക്കേണ്ടി വന്നത്.

സർവ്വശക്തൻ ആ കുട്ടിയെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ..

കുടുംബത്തിന് ക്ഷമയും സമാധാനവും നൽകുമാറാവട്ടെ...

ആശുപത്രിയിൽ സന്ദർശിച്ച ശേഷം എഴുതിയ കുറിപ്പ്:

ലോക മലയാളിലകളാകെ ഓണാഘോഷ തിമിർപ്പിലായിരുക്കുന്ന ഈ ദിനങ്ങളിൽ കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം മണ്ഡലത്തിൽ ഓണാഘോഷത്തിന്റെ ഭാഗവായ ഒരു വിദ്യാർത്ഥി പോലീസിന്റെ നിരുത്തവാദിത്വമായ നടപടി മൂലം ജീവിതം തന്നെ ചോദ്യ ചിഹ്നമായി മംഗലാപുരത്തെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാക്കിയ സംഭവമാണ് എന്റെ മണ്ഡലക്കാർക്ക് പറയാനുള്ളത്.

അംഗഡിമുഗർ ഗവഃഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഒരു വിദ്യാർത്ഥി കാറുമായി എത്തുകയും സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഖത്തീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി വിദ്യാർത്ഥികളെ കണ്ടപ്പോൾ ആക്രോശത്തോടെ പെരുമാറി കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാറെടുത്ത് ഓടുകയായിരുന്നു. ഇതോടെ അതിവേഗത്തിൽ ചേസ് ചെയ്തു പോലീസ് വാഹനവും പിന്നാലെ കൂടി.ഇതോടെ വെപ്രാളത്തിൽ ഓടിയ വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ഡ്രൈവറിനടുത്തായി മുൻ സീറ്റിലുണ്ടായിരുന്ന പേരാൽ കണ്ണൂരിലെ ഫർഹാൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

സ്‌പൈനൽ കോഡ് തകർന്ന കുട്ടിയുടെ ശരിയായ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് തന്നെ പ്രതീക്ഷയില്ലാത്ത സ്ഥിതിയിലാണ് നിലവിലുള്ളത്.

മംഗലാപുരത്തെ ഫസ്റ്റ് ന്യൂറോ കഴിയുന്ന അപകടത്തിൽ പെട്ട വിദ്യാർത്ഥിയെ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഹോസ്പിറ്റലിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന അംഗഡിമുഗർ സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി ടീച്ചറും ഫസീല ടീച്ചറും "ക്‌ളാസിൽ ഏറ്റവും സാധുവായ കുട്ടിയാണ് ഫർഹാസ് എന്നും ഒന്ന് ആഞ്ഞ്‌ ശബ്ദിച്ചാൽ പേടിച്ചിരിക്കുന്ന മോനാണിതെന്നും" പറഞ്ഞു കണ്ണ് നീരോടെയാണ് പറഞ്ഞു തീർത്തത്.

തീവ്ര പരിചരണ വിഭാഗത്തിലുള്ള ഫർഹാനെ കണ്ടപ്പോൾ-"എനിക്ക് ഇവിടെ കിടക്കാൻ ആവുന്നില്ലെന്നും,എന്നെ ഡിസ്ചാർജ്ജ് ചെയ്തു വീട്ടിലേക്ക് വിടുവാൻ പറയ് എന്നും,എന്റെ ഉമ്മയെ വിളിക്കെന്നും" പറയുമ്പോൾ നെഞ്ചിനകത്ത് വല്ലാത്ത വീർപ്പ് മുട്ടലും സങ്കടവും അലതല്ലുന്നുണ്ടായിരുന്നു. പുറമേക്ക് സാരമായ പരുക്ക് കാണാത്ത ആ കുട്ടിക്കറിയുന്നില്ലല്ലോ താൻ വലിയൊരു അപകടത്തിൽ പെട്ടിരിക്കുകയാണെന്നൊന്നും-അവനെ സമാധാനിപ്പിച്ച് പുറത്തിറങ്ങി ചികിത്സിക്കുന്ന പ്രമുഖ ഞരമ്പ് രോഗ വിദഗ്ദനായ ഡോ.രാജേഷ് ഷെട്ടിയോട് കുട്ടിയുടെ ആരോഗ്യ നിലയെ പറ്റി അന്വേഷിച്ചിരുന്നു, സങ്കടപ്പെടുത്തുന്ന ഏറെ നിരാശാജനകരമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്.

വാഹനമോടിച്ച പ്ലസ്‌ടു വിദ്യാർത്ഥിക്ക് ലൈസൻസുള്ളതായും,വണ്ടിയുടെ മുഴുവൻ പേപ്പറുകളും കൃത്യമായുള്ളതായും പൊലീസിന് മുൻപിൽ ഇന്ന് തെളിവ് നൽകിയതാണ്, ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളിലേക്ക് വാഹനങ്ങളിൽ വരുന്നതിനെയൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും ഈ പോലീസുകാർക്ക് ഇത് അംഗഡിമുഗർ സ്‌കൂളിലെ വിദ്യാർഥികളാണെന്നും വണ്ടി നമ്പറും അറിയാവുന്ന സ്ഥിതിക്ക് പിന്നാലെ കിലോമീറ്ററുകളോളം ചേസ് ചെയ്തോടിക്കാതെ, കുട്ടികളല്ലേ എന്തെങ്കിലും വെപ്രാളത്തിൽ വണ്ടിയോടിക്കുമ്പോൾ അപകടം സംഭവിക്കുമെന്ന സാമാന്യ ബോധത്തിൽ പിന്മാറാമായിരുന്നു. വാശിയുടെ പുറത്ത് പിന്നാലെ അമിതവേഗത്തിൽ ഓടിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ഒരു കുട്ടിയെ കിടപ്പിലാക്കിയത്. ഇത്രെയും വലിയ അപകടം നടന്ന

ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങിയ കുട്ടികളോട് കേട്ടാൽ അറക്കുന്ന വാക്കുകളോടെ ശകാരിച്ചതായും കുട്ടികൾ പറയുന്നു.

ഇതിന് കാരണക്കാരായ പോലീസുകാർക്കെതിരെ ശരിയായ നിലയിൽ അന്വേഷണം നടത്തി കടുത്ത ശിക്ഷ നൽകണമെന്നും കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് രാവിലെതന്നെ കത്ത് നൽകുകയും.ഇന്ന് കാസറഗോഡ് കളക്ട്രേറ്റിൽ നടന്ന ജില്ലവികസന സമിതിയിൽ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു .

Tags:    
News Summary - Kasargod Student dies in car accident due to police chase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.