കാസർകോട്ട്​ ഒരാഴ്​ച നിരോധനാജ്ഞ; വിവിധ സ്​ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല

കാസർകോട്​: ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973ലെ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബർ രണ്ട്​ രാത്രി 12 മുതൽ ഒമ്പതിന് രാത്രി 12 വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച്​ കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

വിവാഹത്തിൽ പരമാവധി 50 പേർക്കും മരണം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്​ട്രീയ കക്ഷി യോഗങ്ങൾ, സാംസ്കാരിക-സാമൂഹിക പൊതുയോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ.

പൊതുഇടങ്ങൾ, ബസ്‌സ്​റ്റാൻഡുകൾ, പൊതുഗതാഗത സംവിധാനം, ഓഫിസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബുകൾ, കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷ, റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രയ്ക് ദി ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്​റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു. ജില്ല പൊലീസ് മേധാവി ഈ ഉത്തരവ് കർശനമായി നടപ്പിൽ വരുത്തേണ്ടതാണ്. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ - മാർക്കറ്റ്, ബസ്​സ്​റ്റാൻഡുൾ, ബസ്​സ്​റ്റോപ്പ്, തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ കുറഞ്ഞത് ഒരുതവണ അണു വിമുക്തമാക്കാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.

Tags:    
News Summary - Kasargod banned for a week; No more than five people should gather in different places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.