വൈദ്യുതിയില്ല; കുമ്പള റെയിൽവേ സ്റ്റേഷൻ ലിഫ്റ്റ് പൊങ്ങുന്നില്ല

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി നിർമിച്ച ലിഫ്റ്റ് പണിപൂർത്തിയായിട്ടും തുറന്നുകൊടുക്കാനാവുന്നില്ല. സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിന് കപ്പാസിറ്റി കുറഞ്ഞതാണ് ലിഫ്റ്റ് പ്രവർത്തിക്കാൻ തടസ്സം. ലിഫ്റ്റ് ജോലികൾ പൂർത്തീകരിച്ച് ഏതാനും ദിവസമേ പ്രവർത്തിച്ചുള്ളൂ. അതിനിടെ നിരവധി യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയതോടെയാണ് അടച്ചിട്ടത്. റെയിൽവേ അധികൃതർ പറയുന്നതനുസരിച്ച് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽനിന്നുള്ള ത്രീ ഫേസ് വൈദ്യുതി വിതരണമാണ് കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് നൽകിവരുന്നത്. എന്നാൽ നിലവിൽ ഈ കപ്പാസിറ്റിയിലുള്ള വൈദ്യുതിവിതരണം ലിഫ്റ്റിന്റെ പ്രവർത്തനത്തിന് തികയുന്നില്ല.

ഒപ്പം വോൾട്ടേജ് ക്ഷാമവും നേരിടുന്നതായി പറയപ്പെടുന്നു. ഇതാണ് ലിഫ്റ്റ് പെട്ടെന്ന് നിലക്കുന്നതിന് കാരണമത്രേ. ഇതിന് പരിഹാരമായി റെയിൽവേ അധികൃതർ വൈദ്യുതി വകുപ്പിനോട് നിലവിലുള്ള ട്രാൻസ്ഫോമറിൽനിന്ന് പുതിയ ട്രാൻസ്ഫോർമറിലേക്ക് റെയിൽവേസ്റ്റേഷന്റെ ലൈൻ മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഈ ജോലികൾ പൂർത്തീകരിച്ചാൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

ജില്ലയിലെ മറ്റ് സ്റ്റേഷനിലെ രണ്ട് പുതിയ ലിഫ്റ്റുകൾ ഏപ്രിലിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തിരുന്നു. കുമ്പളയിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ലിഫ്റ്റ് പ്രായമായതും രോഗികളുമായ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. കാരണം പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ഫുട്ഓവർ ബ്രിഡ്ജ് ഉപയോഗിക്കുന്നതിന് പടികൾ കയറുന്നത് ഇതുമൂലം ഒഴിവായിക്കിട്ടിയിരുന്നു. ലിഫ്റ്റ് ചലിക്കാതായതോടെ ഇപ്പോൾ വീണ്ടും പഴയപടിയായി.

ജില്ലയിലെ ഒരു എൻ.എസ്.ജി കാറ്റഗറി സ്റ്റേഷനായ കുമ്പള റെയിൽ‌വേ സ്റ്റേഷനെ പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥികളും നഗരത്തിൽ ഇപ്പോഴും ഒരു തൃതീയ പരിചരണ ആശുപത്രി ഇല്ലാത്തതിനാൽ അവരുടെ ചികിത്സക്കായി പോകുന്ന പ്രായമായ രോഗികളും മറ്റുമാണ് ആശ്രയിക്കുന്നത്. 30 ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്ത് പിറ്റ് ലൈനുകൾ സൃഷ്ടിച്ചും സ്റ്റേബിളിങ് ലൈനുകൾ ഒരുക്കിയും കുമ്പള സ്റ്റേഷനെ കാസർകോടിനായി ഒരു ‘സാറ്റലൈറ്റ്’ സ്റ്റേഷനായി വികസിപ്പിക്കണമെന്ന് റെയിൽ ഉപയോക്തൃഫോറങ്ങൾ വളരെക്കാലമായി ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് അനുകൂലമായ നിലപാട് കേന്ദ്രസർക്കാറിൽനിന്നോ റെയിൽവേ അധികൃതരിൽനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.

Tags:    
News Summary - No electricity; Kumbala railway station lift not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.