കാസർകോട്: പ്രകൃതിദത്ത യുനാനി ചികിത്സ ഫലപ്രദമെന്ന് കണ്ടതോടെ മൊഗ്രാലിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ കൂടുതൽ രോഗികളെത്തിത്തുടങ്ങി. ഭരണചുമതല വഹിക്കുന്ന കുമ്പള പഞ്ചായത്ത് 32 ലക്ഷം രൂപയുടെ മരുന്ന് അടിയന്തരമായി എത്തിച്ചു നൽകി.
ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം 2020-21 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയതോടെയാണ് ജില്ലയിലെയും സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ നിന്നുപോലും നൂറുകണക്കിന് പേർ ചികിത്സതേടി എത്തിത്തുടങ്ങിയത്.
അതിഥി തൊഴിലാളികളും ഡിസ്പെൻസറിയുടെ അടുത്തുള്ള മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും ദിവസേന ആശ്രയിക്കുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയാണ്. പുതുതായി ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ റെജിമെന്റ് തെറപ്പിയും ഫിസിയോതെറപ്പിയും ഉൾപ്പെടെ സേവനങ്ങളും നൽകുന്നുണ്ട്.
രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് സേവനം. മെഡിക്കൽ ഓഫിസറടക്കം രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരുടെ സേവനവുമുണ്ട്. ലാബ് ടെക്നീഷ്യന്റെ കീഴിൽ ലാബ് സൗകര്യവുമുണ്ട്. കേരളത്തിൽ ആദ്യത്തെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ കിടത്തിച്ചികിത്സകൂടി ലഭ്യമാക്കി യുനാനി ആശുപത്രിയായി ഉയർത്തണമെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ആശുപത്രി വികസനസമിതി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.