ഉപ്പള: ബലക്ഷയം വന്നതിനെതുടർന്ന് കഴിഞ്ഞ ഒന്നരവർഷത്തോളമായി അടച്ചിട്ട കുമ്പള കൊടിയമ്മ-കഞ്ചിക്കട്ട വി.ബി.സി കം ബ്രിഡ്ജ് പൂർണ തകർച്ചയിലേക്ക്. പുനർനിർമാണത്തിന് ആവശ്യമായ തുക ഈ വർഷത്തെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ കർമസമിതി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നിവേദക സംഘം ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ കണ്ട് നിവേദനം നൽകി.
ഒന്നരവർഷത്തോളമായി പ്രദേശത്തെ വിദ്യാർഥികൾ അടക്കമുള്ള ജനങ്ങൾ നേരിടുന്ന യാത്രാദുരിതം നിവേദക സംഘം മന്ത്രിമാരെ ബോധിപ്പിച്ചു. എം.എൽ.എമാരായ എ.കെ.എം. അഷറഫ്, എം. രാജഗോപാൽ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ, ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മഞ്ജുനാഥ ആൾവ, ബി.എ. സുബൈർ, കെ. യോഗിഷ, അഷ്റഫ് കൊടിയമ്മ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
നേരത്തെതന്നെ ഈ വിഷയത്തിൽ മഞ്ചേശ്വരം എം.എൽ.എ സബ്മിഷൻ ഉന്നയിക്കുകയും മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു. ചെറുകിട ജലസേചന വകുപ്പിൽനിന്ന് പുനർനിർമാണത്തിനാവശ്യമായ ഡി.പി.ആർ സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. 27 കോടി അടങ്കൽചെലവുള്ള ഈ പാലം പുനർനിർമാണം വേഗത്തിലാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.