മഞ്ചേശ്വരം ഹൊസങ്കടി റെയിൽവേ ഗേറ്റ്
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്കിലെ പ്രധാന നഗരിയായ ഹൊസങ്കടിയിൽ റെയിൽവേ മേൽപാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. യു.പി.എ ഭരണകാലത്ത് ഇ. അഹ്മ്മദ് കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നപ്പോഴാണ് മഞ്ചേശ്വരം ഹൊസങ്കടിയിൽ റെയിൽവേ മേൽപാലം അനുവദിക്കുമെന്നുള്ള അറിയിപ്പ് വന്നത്.
ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും തുടർനടപടികൾ എങ്ങുമെത്തിയില്ല. മഞ്ചേശ്വരം താലൂക്കിൽ മാത്രമായി നാലോളം റെയിൽവേ ക്രോസിങ് സംവിധാനമുണ്ട്. ഹൊസങ്കടിക്ക് പുറമെ മഞ്ചേശ്വരം, മുട്ടം, ഉപ്പള എന്നിവിടങ്ങളിലാണ് റെയിൽവേ ഗേറ്റുള്ളത്. ഇതിൽ ഹൊസങ്കടിയിലാണ് മേൽപാലം റെയിൽവേയുടെ സജീവ പരിഗണനയിലുള്ളത്. നേരത്തേ 40.4 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനവും സർക്കാർ പുറപ്പെടുവിച്ചിരുന്നു.
കേരള റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് നിർമാണ ചുമതല നൽകി. ദേശീയപാത 66ൽ ആറുവരിപ്പാത വന്നതോടുകൂടി നിർദിഷ്ട റെയിൽവേ മേൽപാലത്തിന്റെ അലൈൻമെന്റിൽ ചില മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ വരുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. റെയിൽവേ ഗേറ്റുകളിൽ അപകടങ്ങൾ ഏറിവരുന്നതിനാൽ മേൽപാലങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാനുള്ള ശ്രമമുണ്ട്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വാഹനങ്ങൾ ഇടിച്ചത് 24 റെയിൽവേ ഗേറ്റുകളാണ്. പാലക്കാട് ഡിവിഷനിൽ മാത്രം കഴിഞ്ഞവർഷം 55 അപകടങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.129 ഗേറ്റുകളാണ് പാലക്കാട് ഡിവിഷനിൽ മാത്രമായിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജുകൾ വേണമെന്ന ആവശ്യമുണ്ട്. വയോധികർക്കും വിദ്യാർഥികൾക്കും റെയിൽവേ ഇരട്ടപ്പാത കടന്നുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ഈ നിർദേശം മുന്നോട്ടുവന്നിട്ടുള്ളത്. ഇതിൽ മൊഗ്രാൽ കൊപ്പളം ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേയുടെ പരിഗണനയിലുണ്ട്. പദ്ധതി പ്രദേശം നേരത്തെ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചതുമാണ്. അനുമതിക്ക് തടസ്സങ്ങൾ ഒന്നുമില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ ഇവിടെയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.