ഇടതുപക്ഷത്തിന് ഷോക്ക്; ജനപിന്തുണ കൂട്ടി യു.ഡി.എഫ്

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തുടനീളമുണ്ടായ യു.ഡി.എഫ് അനുകൂലമായ തരംഗത്തിൽ ജില്ലയിലും ജനവിശ്വാസം കൂട്ടി മുന്നേറാൻ സാധിച്ചു എന്ന് യു.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായ വർധനയാണ് വോട്ടുകളുടെ എണ്ണത്തിൽ യു.ഡി.എഫ് വരുത്തിയത്. ജില്ലയിൽ കോൺഗ്രസിന് മാത്രമായി സീറ്റില്ലാത്ത അവസ്ഥയിൽനിന്ന് ഇടതുകോട്ടയിൽ കടന്നുചെന്ന് കോൺഗ്രസിന് പേരുണ്ടാക്കിക്കൊടുക്കാൻ യു.ഡി.എഫ് മുന്നണിക്ക് കഴിഞ്ഞു എന്നത് വ്യക്തം.

മഞ്ചേശ്വരത്തും കാസർകോടും സ്ഥിരമായി ജയിക്കുന്ന മുസ്‍ലിം ലീഗ് മണ്ഡലമാണെന്നിരിക്കെ ഉദുമയെങ്കിലും പിടിക്കാമെന്ന പ്രതീക്ഷയിൽ കച്ചകെട്ടിയിറങ്ങിയ യു.ഡി.എഫിനിത് ഒരു വെടിക്ക് രണ്ടു പക്ഷിയെന്നപോലെയാണ്. വല്ലാതെ വിയർക്കാതെ കിട്ടിയ സീറ്റ് ഇടതുപക്ഷത്തിന്റെ സംസ്ഥാനത്തുടനീളമുണ്ടായ ക്ഷീണത്തിൽനിന്ന് കിട്ടിയതാണെന്ന് നിസ്സംശയം പറയാം. അതേസമയം, എൻ.ഡി.എ അവരുടെ വോട്ടുവിഹിതം 20.71 ശതമാനമെന്നത് നിലനിർത്തുകയും ചെയ്തു.

2021ലെ കണക്കുപ്രകാരം യു.ഡി.എഫിന് 3,11,886 വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണയത് 3,99,967 ആയി ഉയർത്തി വോട്ടുവിഹിതം 22.02 ശതമാനമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, എൽ.ഡി.എഫിന് ലഭിച്ച 3,18,392 വോട്ട് ഇത്തവണ 2,90,551 ആയി കുറയുകയും ചെയ്തു. 9.58 ശതമാനമാണ് വോട്ടുവിഹിതത്തിലുണ്ടായ കുറവ് എന്ന് കണക്കുകളിൽ കാണാം. എന്നാൽ, എൻ.ഡി.എ 1,68,299 വോട്ടിൽനിന്ന് 1,88,193 ആയി 8.13 ശതമാനമാക്കി വോട്ടുവിഹിതമുയർത്തി. അഞ്ചിലങ്കത്തിൽ നാലിലും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്. അതിനൊരപവാദമായി പറയാവുന്നത് കാസർകോട് മണ്ഡലത്തിൽ മാത്രമാണ്. ഇവിടെ കഴിഞ്ഞതവണ ഐ.എൻ.എൽ സ്ഥാനാർഥിക്ക് 28,323 വോട്ടായിരുന്നു ലഭിച്ചത്. എന്നാൽ, ഇത്തവണയത് 36,678 ആയി.

സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ.ആർ. ജയാനന്ദ മത്സരിച്ച മഞ്ചേശ്വരത്ത് എൽ.ഡി.എഫ് വോട്ടുകളിൽ വലിയൊരു ശതമാനം മുസ്‍ലിം ലീഗിലേക്ക് മറഞ്ഞിരുന്നു എന്നും കണക്കിൽ നോക്കിയാലറിയാം. 2021ൽ വിജയിച്ച യു.ഡി.എഫിലെ എ.കെ.എം. അഷ്റഫിന് 65,758 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതുണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന് ലഭിച്ചത് 65,013ഉം 745 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് എം.കെ.എം അന്ന് കടന്നുകൂടിയത്. അതേസമയം, അന്ന് എൽ.ഡി.എഫ് നേടിയതാകട്ടെ 40,639 വോട്ടുകളും. കാഞ്ഞങ്ങാട് നഗരസഭയുടെ ഇപ്പോഴത്തെ ചെയർമാനായ വി.വി. രമേശനായിരുന്നു അന്ന് എൽ.ഡി.എഫ് സ്ഥാനാർഥി.

ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത് 96,948 വോട്ടുകളാണ്. കഴിഞ്ഞതവണ ലഭിച്ച 65,758 വോട്ടുകളെക്കാൾ 31,190 വോട്ടിന്റെ വർധന. ഇത് ആരിൽനിന്നാണ് പോയതെന്ന് കണക്കിൽനിന്ന് വ്യക്തം. അതേസമയം, കഴിഞ്ഞ തവണ 65,013 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർഥിക്ക്‌ ഇത്തവണ ലഭിച്ചത് 67,696 വോട്ടുകളും. കഴിഞ്ഞതവണ എൽ.ഡി.എഫിന് ലഭിച്ച 40,639 വോട്ടുകളിൽനിന്ന് 19,472 വോട്ടുകളുടെ കുറവാണ് ഇപ്രാവശ്യം ലഭിച്ചത്-21,212 വോട്ടുകൾ. ആ നാൽപതിൽനിന്ന് ബാക്കി നേരെ പോയത് എ.കെ.എമ്മിനായിരുന്നു. അതുകൊണ്ടുതന്നെ യു.ഡി.എഫിലെ എ.കെ.എം. അഷ്റഫിന് ഭൂരിപക്ഷം 29,252 ആയി ഉയർത്താനും സാധിച്ചു.

ചെങ്കോട്ടയായ തൃക്കരിപ്പൂരിൽ ചരിത്രംരചിച്ച യു.ഡി.എഫിന് അവിടത്തെ പഞ്ചായത്തുതലത്തിലെ കണക്ക് പരിശോധിച്ചാൽ മനസ്സിലാകും യു.ഡി.എഫിന്റെ മുന്നേറ്റം. ഇടതിന്റെ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയിലും യു.ഡി.എഫിന് ഭൂരിപക്ഷമുറപ്പിക്കാനായിട്ടുണ്ട്. തൃക്കരിപ്പൂരിൽ സി.പി.എമ്മിന്റെ കോട്ടകളിൽ പലയിടത്തും അവർ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ല എന്നതും കാണേണ്ടതാണ്. കയ്യൂർ-ചീമേനിയലടക്കം അത് പ്രകടവുമാണ്. ഇത് ഇടതുപക്ഷത്തിനുണ്ടാക്കിയ ഷോക്ക് ചെറുതല്ല.

Tags:    
News Summary - Shock for the Left; UDF increases public support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.