കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ് സ്‌കൂൾ അധ്യാപകൻ സമീർ സിദ്ദീഖിയെ മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉപഹാരം നൽകി ആദരിക്കുന്നു
അപകടങ്ങളിൽ രക്ഷകനായ അധ്യാപകന് ആദരം നൽകി കാസർകോട് ട്രോമ കെയർ വളന്റിയർമാരുടെ സംഗമം
കാഞ്ഞങ്ങാട്: റോഡപകടങ്ങളിൽപെട്ടവരെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.എസ് അധ്യാപകൻ സമീർ സിദ്ദീഖിയെ കാസർകോട് ട്രോമ കെയർ വളന്റിയർമാരുടെ സംഗമത്തിൽ ആദരിച്ചു. മുൻ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഉപഹാരം സമ്മാനിച്ചത്. മൂവാറ്റുപുഴക്ക് സമീപം രണ്ട് സ്‌കൂൾ വിദ്യാർഥികൾ ടൂവീലറിൽ അമിത വേഗത്തിലും അലക്ഷ്യമായും യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ ഇരുവശത്തേക്കും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന വിദ്യാർഥികളെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ നോക്കിനിൽക്കുകയായിരുന്നു. അതുവഴി വന്ന സമീർ സിദ്ദീഖി ഉടൻ വാഹനം നിർത്തി, പരിക്കേറ്റ വിദ്യാർഥികളെ കാറിൽ മൂവാറ്റുപുഴ ജില്ല ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി.
ഈസ്റ്റ് മാറാടി സ്കൂളിന് സമീപം നടന്ന മറ്റൊരു ഇരുചക്രവാഹനാപകടത്തിൽ ബധിരനും മൂകനുമായ അനു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ സമീർ സിദ്ദീഖി യുവാവിനെ തന്റെ കാറിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. രണ്ട് അപകടങ്ങളിൽനിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തിയ അധ്യാപകന്റെ മനുഷ്യത്വപരമായ പ്രവർത്തനത്തെ മാനിച്ചാണ് കാസർകോട് ട്രോമ കെയർ യൂനിറ്റ് ആദരിച്ചത്. അപകടം നടന്നാൽ കാഴ്ചക്കാരാകാതെ ഇടപെടാൻ ഓരോരുത്തരും തയാറാകണമെന്ന് ഉപഹാര സമർപ്പണ വേളയിൽ ഋഷിരാജ് സിങ് പറഞ്ഞു. സമീർ സിദ്ദീഖിയുടെ സേവനസന്നദ്ധതയെ ട്രാക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, സെക്രട്ടറി വി. വേണുഗോപാൽ, സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, എൻ.എസ്.എസ് യൂനിറ്റംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.