കാസർകോട്: ജില്ലയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങൾക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നൽകി. ജില്ലയുടെ പിന്നാക്കാവസ്ഥ മറികടക്കാന്‍ പ്രഭാകരന് കമീഷന് നിര്‍ദേശപ്രകാരമാണ് കാസര്‍കോടിനായി പ്രത്യേക പാക്കേജ് കേരളസര്‍ക്കാര്‍ ആവിഷ്കരിച്ചത്.
വര്‍ധിച്ചുവരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍കോട് വികസന പാക്കേജിന് 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തനത് വിഹിതവും സി.എസ്.ആര് ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവ് ജില്ല പഞ്ചായത്തിന്റെ കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാക്കുന്ന പ്രയാസം തദ്ദേശസ്വയം ഭരണ മന്ത്രിയെ അറിയിച്ചു.
മഴക്കാലരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ല ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവുണ്ട്. ജില്ല ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലക്ക് പുതിയ മണ്ണ് പരിശോധന കേന്ദ്രം അനുവദിക്കുക, ടാറ്റാ ഗവ ഹോസ്പിറ്റല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികൾ, കൂടുതല്‍ റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്, തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി, ആരോഗ്യ മന്ത്രി കെ. മുരളീധരന്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ തുടങ്ങിയവരെ ജില്ലയിലെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
എം.എല്‍.എമാരായ എ.കെ.എം. അഷറഫ്, അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം. മനു, ജില്ലപഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂര്‍, സോമശേഖര, പി.ബി. ഷഫീക്, ജില്ലപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു തുടങ്ങിയവര്‍ നിവേദകസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.