കാഞ്ഞങ്ങാട്: എലികളുടെ താവളമാണ് നഗരസഭ മത്സ്യ മാർക്കറ്റ് പ്രദേശം. സമ്പൂർണ ശുചിത്വനഗരം എന്നവകാശപ്പെടുന്ന കാഞ്ഞങ്ങാട്ടെ ആധുനിക മത്സ്യമാർക്കറ്റ് പ്രദേശമാണ് എലികൾ കൈയടക്കിയിരിക്കുന്നത്. മാർക്കറ്റിന് ചുറ്റുപാടും കൂട്ടത്തോടെ ഇവ പകൽനേരമടക്കം ഓടിനടക്കുന്നത് പതിവുകാഴ്ചയായി മാറുകയാണ്. നിറയെ മാലിന്യവും പ്ലാസ്റ്റിക് കൂമ്പാരവുമുള്ള ഭാഗങ്ങളിലാണ് ഇവ സ്വൈരവിഹാരം നടത്തുന്നത്.
റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് മാർക്കറ്റിലേക്ക് പോകുന്ന വഴിയുടെ ഇരുവശത്തും ചളി നിറഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം ഒരുഭാഗം നിറയെ കുറ്റിക്കാടുകളും. ഈ കുറ്റിക്കാടുകളിലാണ് എലികളുടെ താവളം. ഇവിടെനിന്നാണ് മാർക്കറ്റ് കെട്ടിടത്തിലേക്ക് എലികൾ കൂട്ടത്തോടെ പോകുന്നത്. ഇത് കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് നാട്ടുകാർ ചൂട്ടിക്കാട്ടുന്നു. ഇവിടെ പച്ചമത്സ്യത്തോടൊപ്പം ഉണക്കമത്സ്യം വിൽപനയും നടത്തുന്നുണ്ട്.
എലിപ്പനിയും മറ്റു പകർച്ചപ്പനികളും വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ എലി മൂത്രവിസർജനം നടത്തുന്നതും രോഗഭീതി പരത്തും. മാർക്കറ്റിലും ചുറ്റുപ്രദേശങ്ങളിലും ഉപയോഗശൂന്യമായ മത്സ്യപ്പെട്ടികൾ കൂടിക്കിടക്കുന്നുണ്ട്. ഇവയുടെ സമീപ പ്രദേശവും എലികളുടെ കേന്ദ്രമാണ്. ഇവിടെ കോഴിയിറച്ചിയും വിൽക്കുന്നുണ്ട്. സ്റ്റേഷൻ റോഡിലെ കെട്ടിടങ്ങളുടെ പിറകുവശത്താണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടത്തോടെ ഉപേക്ഷിച്ചനിലയിലുള്ളത്.
റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് പോകുന്ന റോഡിന്റെ ഒരുവശവും മത്സ്യ മാർക്കറ്റിലെ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതുവഴി പോകുന്ന നൂറുകണക്കിന് യാത്രക്കാരെയാണ് ഇത് ദുരിതത്തിലാക്കുന്നത്. മാർക്കറ്റ് കെട്ടിടത്തിനും വ്യാപാരസ്ഥാപന കെട്ടിടങ്ങൾക്കിടയിലും വരുന്ന ഏക്കറുകണക്കിന് സ്ഥലത്തെ മാലിന്യങ്ങളിലേക്ക് പ്ലാസ്റ്റിക് വ്യാപകമായി വലിച്ചെറിയുന്നതും പതിവുകാഴ്ചയാണ്. അധികൃതർ എത്രയും പെട്ടെന്ന് ഇത് നീക്കം ചെയ്യാനും മാലിന്യനിർമാർജനം നടത്താനും തയാറാകണമെന്നാണ് വ്യാപാരികളുടെയും മറ്റും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.