മഴക്കെടുതി: ജില്ലയിൽ തകർന്നത് 151 വീടുകള്‍, മരണം മൂന്ന്

കാസർകോട്: തിമിർത്തുപെയ്യുന്ന മഴയും ശക്തമായ കാറ്റും ജില്ലയിൽ വിതച്ചത് കനത്തനാശം. കാലവർഷക്കെടുതിയിൽ ജില്ലയില്‍ ഇതിനകം തകർന്നത് 151 വീടുകൾ. 135 വീടുകള്‍ ഭാഗികമായും 16 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മഞ്ചേശ്വരം താലൂക്കില്‍ രണ്ടും കാസര്‍കോട് താലൂക്കില്‍ ഒരു മരണവും സംഭവിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്.

ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 13 വരെ ജില്ലയില്‍ 5,759 കര്‍ഷകരുടെ 606.52 ഹെക്ടര്‍ കൃഷി നശിച്ചു. 429. 77 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വെള്ളക്കെട്ട് കാരണം ദുരിതം അനുഭവിക്കുന്ന പനത്തടി പഞ്ചായത്തിലെ ഒമ്പത് ആദിവാസി കുടുംബങ്ങളെ പട്ടയം നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധന സഹായ വിതരണം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. മഴയില്‍ തകര്‍ന്ന നീലേശ്വരത്തെ ദേശീയപാത ഉടന്‍ നന്നാക്കും. ജില്ലയില്‍ എല്ലാവർഷവും വെള്ളംകയറുന്ന സ്ഥലങ്ങളിലെ പ്രശ്നപരിഹാരത്തിന് സാങ്കേതിക കമ്മിറ്റി രൂപവത്കരിക്കും.

പനത്തടി പഞ്ചായത്തിലെ കമ്മാടിയിലാണ് ദുരന്ത നിവാരണ ക്യാമ്പ് തുറന്നത്. ആറ് കുടുംബങ്ങളില്‍നിന്നായി 19 പേര്‍ ഇവിടത്തെ ക്യാമ്പില്‍ കഴിയുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. റോഡരികിലും പൊതുയിടങ്ങളിലും സ്‌കൂള്‍ വളപ്പിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കാന്‍ ട്രീ കമ്മിറ്റികള്‍ ചേരുന്നതിന് നിർദേശം നല്‍കി.

കള്ളാറിൽ വീട് തകർന്നു; കുട്ടിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ശക്തമായ മഴയിൽ വീട് തകർന്നുവീണു. കുട്ടിക്ക് പരിക്കേറ്റു. കള്ളാറിലെ ജനാർദനന്റെ വീടാണ് തകർന്നത്. പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Rain havoc: 151 houses destroyed in the district, three dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.