തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസകേന്ദ്രം പൂട്ടിയനിലയിൽ
കാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കച്ചവടക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്ന് ആക്ഷേപം. രാവിലെ മുതൽ വൈകീട്ടുവരെ ഇരുന്നാൽ ഒന്നും കിട്ടാത്ത ദിവസവുമുണ്ടെന്ന് ഇവർ പറയുന്നു.
കഴിഞ്ഞവർഷം അവസാനത്തോടെയാണ് തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തത്. ഇവിടെ രണ്ടുവശത്തായി 14 കടകൾ വീതം 28 മുറികളാണുള്ളത്.
ഉദ്ഘാടന ദിവസത്തിൽ മുഴുവൻ കടമുറികളും തുറന്നെങ്കിലും ഇന്നത് ഒമ്പതു കടമുറികളായി ചുരുങ്ങിയിരിക്കുകയാണ്. പലർക്കും കഞ്ഞികുടിക്കാനുള്ള പൈസപോലും കിട്ടുന്നില്ലെന്നാണ് പറയുന്നത്.
ജനങ്ങൾ ഇടപഴകുന്ന സ്ഥലത്തായിരുന്നെങ്കിൽ തങ്ങളുടെ ജീവിതം നല്ലനിലയിൽ മുന്നോട്ടുപോകുമായിരുന്നെന്നും കടക്കാർ പറയുന്നുണ്ട്. നേരത്തേ പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള തെരുവോരത്താണ് പലരും കച്ചവടം ചെയ്തിരുന്നത്. ഇത് പൊതുജനങ്ങൾക്കും മറ്റ് കടക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പുനരധിവാസകേന്ദ്രത്തെക്കുറിച്ച് നഗരഭരണകൂടം ആലോചിച്ചത്.
അബ്ബാസ് ബീഗം ചെയർമാനായതോടെയാണ് ഇത് തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിച്ചത്. കൊട്ടിഘോഷിച്ചാണ് അന്ന് ഉദ്ഘാടനം നടന്നത്. വലിയൊരു വികസനനേട്ടമായി ആഘോഷിച്ചെങ്കിലും കടയുടമകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
9000 രൂപ ഡെപ്പോസിറ്റ് ഇനത്തിൽ ഇവരുടെ കൈയിൽനിന്ന് വാങ്ങിയിട്ടുണ്ട് .വരുന്ന മാർച്ചിൽ വാടക പുതുക്കണമെന്നും ഇവർ പറയുന്നുണ്ട്.
ജനങ്ങൾ ഇടപഴകാത്ത സ്ഥലത്ത് പുനരധിവാസകേന്ദ്രം സ്ഥാപിച്ചതിൽ ചില ട്രേഡ് യൂനിയനുകൾ എതിർപ്പുയർത്തിയെങ്കിലും അതാരും മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം. സുപ്രീംകോടതിയടക്കം പറഞ്ഞത് ഇങ്ങനെ പുനരധിവസിപ്പിക്കുന്നവരെ ജനങ്ങൾ ഇടപഴകുന്ന സ്ഥലത്ത് മാറ്റണമെന്നാണ്. യൂനിയനുകളിൽ ചിലർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ കേന്ദ്രം മറ്റ് ആവശ്യത്തിന് ഉപയോഗിച്ച് ജനങ്ങൾ ഇടപഴകുന്ന മറ്റു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നിലവിലെ ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം മുന്നോട്ടുള്ള ജീവിതത്തിനു വിഘാതമാകുമെന്നാണ് പരാതി .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.