ബോർഡ് സ്ഥാപിക്കാത്ത നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം
നീലേശ്വരം: സംസ്ഥാന രൂപവത്കരണത്തിന് ശേഷം ആദ്യ ബാലറ്റ് വോട്ട് തെരഞ്ഞെടുപ്പിൽ നീലേശ്വരം മണ്ഡത്തിൽ നിന്ന് വിജയിച്ച് ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ ഓർമക്കായി സ്ഥാപിച്ച സ്റ്റേഡിയത്തിന് ബോർഡ് സ്ഥാപിക്കാത്തത് അവഹേളിക്കുന്നതിന് തുല്യമാണെന്ന് കായിക പ്രേമികൾ.
സ്റ്റേഡിയത്തിന്റെ മുമ്പിൽ ഇ.എം.എസിന്റെ പേരെഴുതിയ ഒരു ബോർഡ് സ്ഥാപിക്കാൻപോലും അധികൃതർക്ക് ഇതുവരെ കഴിഞ്ഞില്ല. ഇ.എം.എസിന്റെ അർധകായ പ്രതിമ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും അതും നടപ്പായില്ല. ബോർഡ് സ്ഥാപിച്ചാൽ മാത്രമേ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് എളുപ്പത്തിൻ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
2021 ഫെബ്രുവരി 22ന് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം നിരവധി സംസ്ഥാന ജില്ലതല കായിക മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും കോടികൾ മുടക്കിയിട്ടും ഇ.എം.എസ് സ്റ്റേഡിയം എന്നെഴുതിയ ബോർഡ് സ്ഥാപിക്കാൻ നഗരസഭ അധികൃതർ തയാറായില്ല. എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും സ്ഥാപിക്കും എന്ന മറുപടി മാത്രമേ ലഭിക്കുന്നുള്ളൂ.
ജില്ലയിലെ തന്നെ ഏറ്റവും വലിയ നീലേശ്വരത്തെ സ്റ്റേഡിയം കിഫ്ബി വഴി 17.04 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.