മുന്നോട്ട്’ പി.എസ്.സി പരീക്ഷാപരിശീലനം ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: കാസർകോട്ടെ യുവതയുടെ കഴിവുകൾ നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകേണ്ടതുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ജില്ല ഭരണ സംവിധാനം നേതൃത്വം നൽകി കാസർകോട് വികസന പാക്കേജും ജില്ല എംപ്ലോയ്മെൻറ് ഓഫിസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മുന്നോട്ട്’ സൗജന്യ മത്സര പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സരപരീക്ഷകളിൽ വിജയികൾ ആകുന്നതിന് ജില്ലയിലെ യുവാക്കളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അതിന് പരിശീലന പരിപാടിയിലെല്ലാം പഠിതാക്കളുടെ സാന്നിധ്യവും അർപ്പണബോധത്തോടുകൂടിയുള്ള പഠനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും സമൂഹത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും നാടിന്റെ വികസനത്തിന് പങ്കാളികളാകുന്നതിനായി പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ഗവ. കോളജിൽ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. നിരവധി ഒഴിവുകളാണ് നിലവില്‍ കാസര്‍കോട് ജില്ലയിലെ സർക്കാർ മേഖലയിലുള്ളതെന്നും ഒരു ജില്ലയുടെ വികസനത്തിന് ഏറ്റവും പ്രധാനമാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമെന്നും അത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പദ്ധതി നടപ്പിലാക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
തദ്ദേശീയരായ ആളുകള്‍ തന്നെ ഗവണ്മെന്റ് സർവിസില്‍ പ്രവേശിക്കുമ്പോള്‍ നാടിന്റെ പുരോഗതിക്ക് വലിയ രീതിയില്‍ സഹായിക്കാന്‍ പറ്റുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതര ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാരെക്കാൾ തദ്ദേശീയരായ ആളുകൾക്ക് ജില്ലക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. ആശയവിനിമയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ് കലക്ടര്‍ സുഫിയന്‍ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. അസി.കലക്ടര്‍ ദിലീപ് കെ. കൈനിക്കര, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫിസർ വി. ചന്ദ്രൻ, കാസർകോട് ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്. അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.
ജില്ല എംപ്ലോയ്മെന്റ് ഓഫിസർ അജിത് കെ. ജോൺ സ്വാഗതവും എംപ്ലോയ്മെൻറ് ഓഫിസർ പി. പവിത്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ.എ.എസ് ഉദ്യോഗസ്ഥരായ അജിത്ത് ജോൺ, ആദില്‍ മുഹമ്മദ്, എ. അജിത, ആസിഫ് അലിയാര് എന്നിവര്‍ ഉദ്യോഗാർഥികളുമായി സംവദിച്ചു.
കാസർകോട്: ചരിത്രത്തിൽ ഇടംപിടിക്കുന്ന ജില്ലയുടെ സ്വപ്ന പദ്ധതിക്കാണ് ‘മുന്നോട്ട്’ പരിശീലനത്തിലൂടെ തുടക്കമായത്. ജില്ലയില്‍ തദ്ദേശീയരായിട്ടുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പി.എസ്.സി കോച്ചിങ് ക്ലാസുകളാണ് സൗജന്യമായി നല്‍കുക. ജില്ലയിലെ ആറു ബ്ലോക്കുകളിലായി ആറു സ്റ്റഡി സെന്ററുകളുണ്ടാവും.
കാസര്‍കോട് ഗവ.കോളജ്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.എച്ച്.എസ്.എസ് ഉപ്പള, ജി.എച്ച്.എസ്.എസ് പരപ്പ എന്നിവയാണ് സെന്ററുകള്‍. എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസുകള്‍.
മാസത്തില്‍ അഞ്ചു ക്ലാസുകളാണ് ഉണ്ടാവുക. രണ്ടു ബാച്ചുകളായിട്ടായിരിക്കും ഇത്. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഒരു ബാച്ചും ഡിഗ്രി യോഗ്യത ഉള്ളവര്‍ക്കായി മറ്റൊരു ബാച്ചും. പി.എസ്.സി നടത്തുന്ന വരാനിരിക്കുന്ന പരീക്ഷകളെ മുന്‍നിര്‍ത്തിയുള്ള ക്ലാസുകളായിരിക്കും പദ്ധതിയുടെ തുടക്കത്തില്‍. പരീക്ഷയെ എങ്ങനെ നേരിടാമെന്നുള്ള ക്ലാസുകളും കൂടെയുണ്ടാവും.
പി.എസ്.സി പരിശീലന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അധ്യാപകരും ജില്ലയിലെ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും ഫാക്കല്‍റ്റിമാരായി എത്തും. ക്ലാസുകള്‍ക്ക് പുറമെ പി.എസ്.സി പരീക്ഷ മോഡല്‍ ടെസ്റ്റുകള്‍ നടത്തും. വിദ്യാർഥികള്‍ക്ക് പി.എസ്.സിയെക്കുറിച്ചുള്ള അവബോധം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.