ജനാർദനൻ ,അരുൺ, കിഷൻ
മഞ്ചേശ്വരം: മഞ്ചേശ്വരം വാമഞ്ചൂരിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് വാഹനത്തിന്റെ അമിതവേഗം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പൈവളിഗെ ബായിക്കട്ട മഞ്ചൽത്തടി ഹൗസിലെ ജനാർദനൻ (62), മകൻ അരുൺ (28), ഹൊസങ്കടി മജിബയിലിലെ കൃഷ്ണ എന്ന കിഷൻ കുമാർ (23) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10 ഓടെയാണ് വാമഞ്ചൂരിൽ ദാരുണമായ അപകടം സംഭവിച്ചത്. ഉപ്പള ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎൽ 14 വി 1742 നമ്പർ സ്വിഫ്റ്റ് ഡിസൈർ വാഹനം ഓടിച്ചിരുന്നത് കിഷൻ കുമാറാണ്.
കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. പിൻസീറ്റിലായിരുന്നു രത്തൻ ഉണ്ടായിരുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി പലയിടത്തും താൽക്കാലിക ഡിവൈഡറുകളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയാണ് അപകടത്തിന് കാരണം. അത് മനസ്സിലാക്കാതെ അമിതവേഗത്തിൽ പാഞ്ഞതാണ് മൂന്നാളുടെ മരണത്തിൽ കലാശിച്ചത്. അപകടത്തിൽ പരിക്കേറ്റ രത്തന്റെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടി.വനജയാണ് മരിച്ച ജനാർദനന്റെ ഭാര്യ. മറ്റുമക്കൾ: കിരൺ, നിരീഷ. സഹോദരങ്ങൾ: കേശവ, പ്രകാശ്, ശാരദ, ശാംഭവി. പരേതനായ ഭൂപതി - കൃഷ്ണകുമാരി ദമ്പതികളുടെ മകനാണ് കിഷൻ കുമാർ. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.