മലബാറിലെ വിദ്യാർഥികൾക്ക് ദുരിത ‘കീം’
കാസർകോട്: മലബാറിലെ ഒരു വിഭാഗം വിദ്യാർഥികൾക്ക് ഇത്തവണ ദുരിത കീം. കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കീം പരീക്ഷ സെന്ററുകൾ അപേക്ഷിച്ച വിദ്യാർഥികളെ പരീക്ഷ സെന്ററായ കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിൽ എത്തിക്കും. ഈ ദുരിതയാത്ര കഴിഞ്ഞ് വേണം പരീക്ഷയെഴുതാൻ. അപ്പോഴേക്കും പരീക്ഷയെഴുതാനുള്ള ഊർജവും ഉന്മേഷവും നഷ്ടമാകുമെന്ന് രക്ഷിതാക്കൾ. ജില്ലയിൽ പരീക്ഷയെഴുതാൻ അവസരം നൽകാത്തതിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണറുടേതാണ് കെ.എസ്.ആർ.ടി.സി ബസിൽ എത്തിക്കാമെന്ന തീരുമാനം.
കീം പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കുട്ടികൾ അവരുടെ ജില്ലകളും സൗകര്യത്തിനനുസരിച്ച് സമീപ ജില്ലകളും ഓപ്ഷനായി നൽകി. എന്നാൽ, സെന്ററുകൾ വന്നപ്പോൾ സ്വന്തം ജില്ലയിലോ സമീപ ജില്ലയിലോ നൽകാതെ കോട്ടയത്ത് സെന്റർ നൽകി കുറെ വിദ്യാർഥികളെ വട്ടംകറക്കി, ആശങ്ക സമ്മാനിച്ചു. എല്ലാ അപേക്ഷകർക്കും ഈ കേന്ദ്രങ്ങൾ സെന്ററുകളായി അനുവദിക്കാമായിരുന്നില്ലേ എന്ന എം.എൽ.എയുടെ ചോദ്യത്തിന് ആവശ്യമായ കമ്പ്യൂട്ടറുകളില്ല എന്ന മറുപടിയാണ് ലഭിച്ചത്.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ പരീക്ഷ സെന്ററുകൾ പ്രഖ്യാപിക്കുകയായിരുന്നു. ഏറെ വൈകിയാണ് സെന്റർ കോട്ടയത്താണെന്ന് കുട്ടികൾ അറിയുന്നതുതന്നെ. തലേദിവസം എത്താൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാനുള്ള സമയം പോലും ഉണ്ടായില്ല. പരീക്ഷ സെന്ററിൽ രാവിലെ ഏഴു മണിക്ക് റിപ്പോർട്ട് ചെയ്യണം. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് പരീക്ഷ. നാലിന് വൈകീട്ടെങ്കിലും കുട്ടികൾ സെന്ററിലെത്തി, പരിസരത്ത് താമസം തരപ്പെടുത്തിവേണം പരീക്ഷക്കൊരുങ്ങാൻ. കെ.എസ്.ആർ.ടി.സിയിൽ പരീക്ഷക്ക് തൊട്ടുമുമ്പ് എത്തുന്ന വിദ്യാർഥികൾ ഏറെ ക്ഷീണിതരാകും. അത് അവരുടെ പ്രകടനത്തെ ബാധിക്കും. ഒരുവിഭാഗം വിദ്യാർഥികളെ അലോസരപ്പെടുത്തിയും പ്രയാസപ്പെടുത്തിയും നടത്തുന്ന പരീക്ഷ സാമൂഹിക നീതിക്ക് ഉതകുന്നതല്ലെന്ന് വിമർശനം ഉയർന്നിരിക്കുകയാണ്. കാസർകോട് മൂന്നും കണ്ണൂരിൽ അഞ്ചും സെന്ററുകളാണ് അനുവദിച്ചത്.
കാസർകോട് ജില്ലയിൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ്, ഗവ. പോളി ടെക്നിക് കാസർകോട്, ചീമേനി എൻജിനീയറിങ് കോളജ് എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ. ഈ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയോ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുകയോ വേണമായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.