കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് അധ്യാപകനെ ട്രെയിനിൽ മുഖത്തിടിച്ചും കൈകൾ പിടിച്ചുതിരിച്ചും കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മംഗളൂരു ഗോവിന്ദപൈ കോളജിലെ അസി. പ്രഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ കെ. സജനാണ് (48) മർദനമേറ്റത്. മംഗളൂരുവിലെ കോളജിലെ രണ്ട് പി.ജി വിദ്യാർഥികൾക്കെതിരെ കാസർകോട് റെയിൽവേ പൊലീസാണ് കേസെടുത്തത്. 28ന് വൈകീട്ട് പാസഞ്ചർ ട്രെയിനിലാണ് സംഭവം.
മംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്നു അധ്യാപകൻ. തിരക്കിനിടയിൽ ശാരീരികബുദ്ധിമുട്ടുണ്ടാക്കുംവിധം ഇരുകൈയും ഇരു ഷോൾഡറിലും അമർത്തി മുന്നിൽനിൽക്കുന്ന കൂട്ടുകാരന്റെ ഷോൾഡറിൽ പിടിച്ചുനിന്നതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചെന്നാണ് പരാതി. കോളറിൽ പിടിച്ചുനിർത്തി കൈ പിടിച്ചുതിരിച്ച് ദേഹോപദ്രവം ഏൽപിച്ചെന്നും പ്രഫസർ പൊലീസിനോട് പറഞ്ഞു. മുഖത്ത് പരിക്കേറ്റ അധ്യാപകൻ ചികിത്സതേടി. പ്രതികൾക്കായി അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ റെജിമോൻ, എസ്.ഐ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.