നഗരസഭ കൗൺസിലറുടെ മകനടക്കം അഞ്ചുപേർക്ക് തെരുവുനായുടെ കടിയേറ്റു

നീലേശ്വരം: നഗരസഭയിലെ തീരമേഖലയായ തൈക്കടപ്പുറം സൗത്ത് വാർഡിലെ അഴിത്തലയിൽ അഞ്ചുപേർക്ക് തെരുവുനായുടെ കടിയേറ്റു. ബോട്ടുജെട്ടി പരിസരത്തെ രാജേഷിനെ വീടിന്റെ അകത്തുകയറി കടിക്കുകയായിരുന്നു. സമീപ വീടുകളിലും നായ്​ അകത്തുകയറി.

വീട്ടിലുണ്ടായിരുന്നവർ ചൂടുവെള്ളം ഒഴിച്ച് പുറത്താക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കാൻ തുനിഞ്ഞ നായിൽനിന്ന്​ തലനാരിഴക്കാണ് ഒരു വീട്ടുകാർ രക്ഷപ്പെട്ടത്. കസേരയും, കുടയുമാണ് വിപിനെയും സുനിലിനെയും രക്ഷപ്പെടുത്തിയത്. വാർഡ് കൗൺസിലർ പി.കെ. ലതയുടെ മകൻ ദിലീപ് (46), അഴിത്തലയിലെ ഗിരിജ ബാലൻ, അനിത സുഗുണദാസ് (40), തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപത്തെ രാജേഷ് നാരായണൻ (36), ടൂറിസം വകുപ്പ് അഴിത്തല ബീച്ച് ക്ലീനിങ് ജീവനക്കാരി അനീസ ബദിയടുക്ക (42) എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റത്.

ഇവരെ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷിന് സ്വന്തം വീടിനകത്താണ് കടിയേറ്റത്. ടൂറിസം മേഖലയായ തൈക്കടപ്പുറം-അഴിത്തല റോഡ് തെരുവുനായ്ക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. രാത്രിയും പകലും നായ്ക്കൂട്ടങ്ങൾ കുരച്ചുചാടി ആളുകളെ ഭയപ്പെടുത്തുകയാണ്.

റോഡിലൂടെ നടന്നുപോകാൻതന്നെ ആളുകൾക്ക് ഭയമാണ്. വിദ്യാർഥികളാണ് ഏറെ ഭയപ്പെടുന്നത്. പഠനം കഴിഞ്ഞ് വരുന്നതുവരെ രക്ഷിതാക്കൾക്ക് ഭീതിയാണ്. ഇപ്പോൾ ചിലർ വടിയുമെടുത്ത് സ്കൂളിലേക്കെത്തി രക്ഷിതാക്കളുടെ സംരക്ഷണയിലാണ് വീട്ടിലേക്കെത്തുന്നത്. മുമ്പ് അഴിത്തലയിലും ബോട്ടുജെട്ടി പരിസരത്തുമുള്ള നിരവധി ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

പുറത്തേക്കൈ, കടിഞ്ഞിമൂലയിലും നായ്ക്കളുടെ ശല്യമുണ്ട്. തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ നടന്നിട്ടും നഗരസഭ അധികൃതർ കർശന നടപടി സ്വീകരിക്കാത്തതിനെതിരെ തീരമേഖലയിലെ ജനങ്ങൾ രോഷാകുലരാണ്. രണ്ടാഴ്ച മുമ്പ് കടിഞ്ഞിമൂലയിൽ പത്തോളം പേരെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.

തെരുവുനായ്ക്കൾ പെറ്റുപെരുകി ആളുകളെ ആക്രമിക്കുമ്പോൾ നഗരസഭ അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് അംഗം ഇ. ഷജീർ ആരോപിച്ചു. കർശന നടപടി എടുത്തില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Five people, including the son of a municipal councilor, were bitten by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.