കീഴൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന നിലയിൽ

ഫിഷറീസ് സ്റ്റേഷൻ അപകടഭീഷണിയിൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി

കീഴൂർ: കടൽത്തീരത്തോട് ചേർന്നുള്ള കീഴൂർ ഫിഷറീസ് സ്റ്റേഷൻ കെട്ടിടം ഗുരുതരമായ അപകടഭീഷണിയിൽ. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നനിലയിലായതിനാൽ ശക്തമായ കാറ്റിലും മഴയിലും ഓരോ ഷീറ്റുകളും ഇളകി താഴേക്ക് പതിക്കുന്ന സാഹചര്യമാണുള്ളത്. മേൽക്കൂരയുടെ പകുതിയോളം ഭാഗത്തെ ഷീറ്റുകൾ തകർന്നതായാണ് പരാതി.

മൂർച്ചയേറിയ ഇരുമ്പ് ഷീറ്റുകൾ കാറ്റിൽ ഇളകി താഴേക്ക് പതിക്കുന്നത് ഫിഷറീസ് സ്റ്റേഷനിലെത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ജീവനക്കാർക്കും സമീപത്തുകൂടി സഞ്ചരിക്കുന്ന പൊതുജനങ്ങൾക്കും വലിയ അപകടത്തിനിടയാക്കാൻ സാധ്യതയുണ്ട്.

പ്രത്യേകിച്ച് മഴയും ശക്തമായ കാറ്റുമുണ്ടാകുന്ന സമയത്ത് ഷീറ്റുകൾ പറന്നുവീഴാനുള്ള സാധ്യത ഏറെയാണ്. ആളുകളുടെ മുകളിൽ ഷീറ്റ് പതിച്ചാൽ ഗുരുതരമായ പരിക്കോ ജീവാപായമോ സംഭവിക്കാം. കെട്ടിടത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നും തകർന്ന മേൽക്കൂരയിലെ ഷീറ്റുകൾ നീക്കി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഫിഷറീസ് സ്റ്റേഷൻ സുരക്ഷിതമാക്കണമെന്നുമാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകൻ കെ.എസ്. സാലി കീഴൂർ ഫിഷറീസ് വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകി.

ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായ സാഹചര്യം അവഗണിക്കാതെ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്ഥലത്ത് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

മഴക്കാലത്ത് അപകടസാധ്യത കൂടുതൽ വർധിക്കുന്ന സാഹചര്യത്തിൽ വലിയൊരുദുരന്തം സംഭവിച്ചതിനുശേഷം നടപടിയെടുക്കുന്നതിന് പകരം അടിയന്തരമായി ഇടപെട്ട് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - ഫിഷറീസ് സ്റ്റേഷൻ അപകടഭീഷണിയിൽ; അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.