കാസർകോട്: ജില്ലയിൽ രൂക്ഷമാകുന്ന കടലേറ്റം ചെറുക്കുന്നതിനുള്ള സമഗ്ര റിപ്പോർട്ട് തയാറാക്കി സർക്കാറിൽ സമർപ്പിക്കുന്നതിന് ജലവിഭവ വകുപ്പിന് ജില്ല വികസനസമിതി യോഗം നിർദേശം നൽകി. വലിയപറമ്പ്, തൃക്കണ്ണാട് കണ്വതീർഥ, പെർവാട്, കാവുഗോളി, മൊസോടി, ജന്മ കടപ്പുറം, ചേരങ്കൈ കടപ്പുറം പൊവ്വൽ, അജാനൂർ, കീഴൂർ തുടങ്ങിയ തീരദേശങ്ങളിലാണ് കടലേറ്റം രൂക്ഷം.
കടൽഭിത്തി നിർമാണത്തിനുള്ള തുക ലഭ്യമാക്കാൻ മിഷൻ ഡയറക്ടറേറ്റ് രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്ക്വയർ പദ്ധതി യാഥാർഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടികവർഗക്കാരുടെ ഭൂമിപതിവ് അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കാൻ കലക്ടർ നിർദേശം നൽകി. പെരുമ്പള പാലത്തിന്റെ ഭൂമി ഏറ്റെടുത്ത പ്രദേശം സ്വകാര്യവ്യക്തികൾ കൈയേറുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് സുനാമി കോളനിയിലെ വെള്ളക്കെട്ട്, കുടിവെള്ള പ്രശ്നം, വീടുകളുടെ ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടർ നിർദേശം നൽകി. പെരിയ കേന്ദ്ര സർവകലാശാല പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ കൂടുവെച്ചു പിടികൂടുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് രാജഗോപാലൻ എം.എൽ.എ ആവശ്യപ്പെട്ടു. ഒളവറ, ഇളമ്പച്ചി റെയിൽവേ മേൽപാലങ്ങളുടെ ഭൂമി ഏറ്റെടുക്കൽ പുരോഗതി സംബന്ധിച്ച യോഗം കലക്ടറുടെ ചേംബറിൽ തിങ്കളാഴ്ച ചേരും.
മഹാകവി ടി. ഉബൈദ് സ്മാരക മാപ്പിള കലാസാഹിത്യ ഗവേഷണ കേന്ദ്രവും മഹാകവി കയ്യാർ കിഞ്ഞണ്ണറായി സ്മാരക കന്നട അക്കാദമിയും യാഥാർഥ്യമാക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. സാംസ്കാരിക വകുപ്പാണ് ഈ രണ്ടു പദ്ധതികളും നടപ്പാക്കേണ്ടത്. കാസർകോട് മണ്ഡലത്തിൽ ബദിയടുക്കയിൽ കന്നട മഹാകവി കയ്യാർ കിഞ്ഞണ്ണറായിയുടെ പേരിൽ കന്നട അക്കാദമി സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ അടങ്കൽ തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മഹാകവി ഉബൈദ് സ്മാരക ഗവേഷണ കേന്ദ്രത്തിന് മൂന്നുകോടിരൂപ അടങ്കൽ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിശദമായ നിർദേശം തയാറാക്കി സമർപ്പിക്കുന്നതിന് നിർദേശം നൽകി. കാസർകോട് നഗരത്തിൽ അനുദിനം വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പദ്ധതി തയാറാക്കുന്നതിന് തീരുമാനിച്ചു. ബ്യാരി ഭാഷ സംസാരിക്കുന്നവർക്ക് കന്നഡ മാതൃഭാഷ സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് സംബന്ധിച്ച് ഉത്തരവ് വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്തു. എ.കെ.എം. അഷറഫ് എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.