നീലേശ്വരം രാജാ റോഡരികിലെ കെട്ടിടത്തിലെ തള്ളിനിൽക്കുന്ന ഭാഗത്തിന്റെ കോൺക്രീറ്റ് പാളികൾ വഴിയിൽ വീണനിലയിൽ
നീലേശ്വരം: നീലേശ്വരം രാജാ റോഡിൽ പോസ്റ്റ് ഓഫിസിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്ന് റോഡിലേക്ക് വീഴുന്നു. റോഡിന്റെ കിഴക്കുഭാഗത്തുകൂടി നടന്നുപോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ തലയിൽ കോൺക്രീറ്റ് പാളികൾ വീണ് പരിക്കുപറ്റാൻ സാധ്യതയുണ്ട്. രാജാ റോഡിന്റെ അരികിൽ ഇപ്പോൾ പ്രവർത്തിക്കാത്ത കെട്ടിടമാണ് അപകടഭീഷണിയുയർത്തി നിൽക്കുന്നത്. മുമ്പ് ഈ കെട്ടിടത്തിൽ ടെയ്ലറിങ്ങും സൈക്കിൾ റിപ്പയർ കടയും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കാലപ്പഴക്കംമൂലം ഇരുനില കെട്ടിടത്തിന്റെ സീലിങ്ങിലെ കോൺക്രീറ്റ് പാളികൾ തകർന്ന് റോഡിലേക്ക് വീഴുകയാണ്.
കെട്ടിടത്തിന്റെ ഭിത്തികൾ റോഡിലേക്ക് തള്ളിയ നിലയിലുമാണ്. അതുകൊണ്ട് മുകളിൽനിന്ന് കോൺക്രീറ്റ് പാളികൾ പൊട്ടി നേരെ കാൽനടക്കാരുടെ തലയിലേക്ക് പതിക്കും. കഴിഞ്ഞദിവസം ഈ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥികളുടെ തലയിൽ കോൺക്രീറ്റ് പാളികൾ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. നിലവിൽ തുറന്നുപ്രവർത്തിക്കാത്ത കെട്ടിടത്തിന്റെ ഭാഗങ്ങളാണ് നടപ്പാതയിലേക്ക് വീഴുന്നത്.
രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനാളുകളാണ് ഏറെ തിരക്കുള്ള രാജാ റോഡിലൂടെ ദിവസവും നടന്നുപോകുന്നത്. രാജാറോഡ് വികസനത്തിൽ കെട്ടിടം പൊളിച്ചുമാറ്റേണ്ടിവരുമെങ്കിലും അത്രയും നാൾ കാത്തിരുന്നാൽ നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ ആര് സമാധാനം പറയുമെന്നാണ് സമീപത്തെ വ്യാപാരികൾ ചോദിക്കുന്നത്. നഗരസഭ ഇടപെട്ട് റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗം മുറിച്ചുകളയാനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.