18 കോടിയുടെ വികസന നിർദേശങ്ങളുമായി നഗരസഭ വികസന സെമിനാർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ 14ാം പഞ്ചവത്സര പദ്ധതിയുടെയും 2022-23 വാർഷിക- പദ്ധതിയുടെയും രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിന്റെ ഉദ്ഘാടനവും വികസന രേഖ പ്രകാശനവും ജില്ല ആസൂത്രണ സമിതിയംഗം അഡ്വ. സി. രാമചന്ദ്രൻ നിർവഹിച്ചു. വികസനത്തിന് രാഷ്ട്രീയമില്ല എന്നും വികസന കാര്യത്തിൽ സംവാദാത്മക സമീപനമാണ് വേണ്ടതെന്നും സർക്കാറിന്റെ വിവിധ ഫണ്ടുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടും നഗരസഭയുടെ ഫലപ്രദമായ പദ്ധതി നിർവഹണത്തിലൂടെയും കാഞ്ഞങ്ങാട്ട് മുമ്പെങ്ങുമില്ലാത്ത തരത്തിൽ വികസന മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നും സി. രാമചന്ദ്രൻ പറഞ്ഞു. 14ാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വർഷത്തിൽ വിവിധ പദ്ധതികൾക്കായി 18 കോടി രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത കരടുപദ്ധതി രേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി. അഹമ്മദലി, കെ.വി. സരസ്വതി, കെ.അനീശൻ, കെ.വി. മായാകുമാരി, ആസൂത്രണ സമിതിയംഗം പി.കെ. നിഷാന്ത്, കൗൺസിലർമാരായ സി.കെ. അഷറഫ്, എൻ. അശോക് കുമാർ, കെ.കെ. ബാബു, നഗരസഭ സെക്രട്ടറി റോയി മാത്യു എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.