രാത്രി 7.55​ കഴിഞ്ഞാൽ മംഗളൂരു റൂട്ടിൽ ബസില്ല

കാസർകോട്​: രാത്രി എട്ട് കഴിഞ്ഞാൽ മംഗളൂരുവിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസുകൾ ഓടുന്നില്ല. ഇതുകാരണം മംഗളൂരു റൂട്ടിലെ നൂറുകണക്കിനുപേർ പ്രയാസത്തിലായി. ദേശസാത്​കൃത റൂട്ടിൽ കെ.എസ്​.ആർ.ടി.സി ഓടിയില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്​ നാട്ടുകാർ. കർണാടകയുടെയും കേരളത്തിന്‍റെയും 50 വീതം ട്രാൻസ്​പോർട്ട്​ ബസുകളാണ്​ മംഗളൂരു-കാസർകോട്​ റൂട്ടിൽ സർവിസ്​ നടത്തുന്നത്​. രാത്രി 7.55നാണ്​ ഇപ്പോൾ മംഗളൂരുവിലേക്കുള്ള ​അവസാന കെ.എസ്​.ആർ.ടി.സി ബസ്​. രാത്രി 8.45ന്​ കർണാടകയുടെ ബസും സർവിസ്​ നടത്തുന്നു. ഇതിനുശേഷം ബസുകളൊന്നുമില്ല. ഏറെ ലാഭകരമായ അന്തർ സംസ്ഥാന റൂട്ടിൽ രാത്രി സർവിസ് നടത്താത്തത് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തികമായി വലിയ നഷ്ടം കൂടിയാണ്​. രാത്രിയാത്ര പ്രശ്നം പരിഹരിക്കുന്നതിന്​ കാസർകോട് - മംഗളൂരു റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവരിലധികവും കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി ഭാഗത്തുള്ളവരാണ്. രാത്രി കാസർകോട് റെയിൽവേ സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാരിൽ ഈ ഭാഗത്തുള്ളവർ കൂടുതലാണ്. ഓട്ടോറിക്ഷക്കും ടാക്സി വാഹനങ്ങൾക്കും വലിയ തുകയാണ് ഈടാക്കുന്നത്. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചാലേ ഈ ദുരിതം അവസാനിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അയച്ച കത്തിൽ എൻ.എ. നെല്ലിക്കുന്ന് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.