കെ.എസ്​.ആർ.ടി.സി പണിമുടക്കിൽ ജനം വലഞ്ഞു; സി.ഐ.ടി.യുക്കാരും പണിമുടക്കി

കാസർകോട്​: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിൽ ജനം വലഞ്ഞു. സി.ഐ.ടി.യു യൂനിയൻ വിട്ടുനിന്ന സമരത്തിൽ യൂനിയൻ ജീവനക്കാരും പ​ങ്കെടുത്തുവെന്നതിന് പണിമുടക്ക്​ വിജയം തെളിവായി. കാസർകോട്​ ഡിപ്പോയിൽ നാല് ഷെഡ്യൂളുകൾ മാത്രമാണ്​ സർവിസ്​ നടത്തിയത്​. 68 സർവിസുകളാണ്​ ആകെയുണ്ടായിരുന്നത്​. കാഞ്ഞങ്ങാട്​, മംഗളൂരു, കണ്ണൂർ, കാഞ്ഞങ്ങാട്​ ചന്ദ്രഗിരി എന്നിങ്ങനെയാണ്​ സർവിസ്​ നടത്തിയത്​. ചന്ദ്രഗിരി ദേശീയപാതയിലാണ്​ ജനങ്ങൾ ഏറെ വലഞ്ഞത്​. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ സർവിസ്​ ഇല്ലാത്തതിനാൽ കെ.എസ്​.ആർ.ടി.സിക്കുവേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ദേശീയപാത വഴിയുള്ള സ്വകാര്യ ബസുകളാണ്​ ഏക ആശ്രയം. മംഗളൂരു റൂട്ടിൽ കർണാടക ബസിന്‍റെ കൊയ്ത്തായിരുന്നു. പണിമുടക്കിൽനിന്നും വിട്ടുനിന്ന സി.ഐ.ടി.യുവിന്​ വലിയ തിരിച്ചടിയായി സമരം മാറി. കാസർകോട്​ ഡിപ്പോയിലെ 488 ജീവനക്കാരിൽ 20 പേർ മാത്രമാണ്​ ജോലിക്ക്​ എത്തിയത്. കഴിഞ്ഞ ഹിതപരിശോധനയിൽ കാസർകോട്​ ഡിപ്പോയിൽനിന്ന്​ 145 വോട്ടാണ്​ സി.ഐ.ടി.യുവിന്​ ലഭിച്ചിരുന്നത്​. ഇവരിൽ 20 പേർ മാത്രമാണ്​ നേതൃത്വത്തിന്‍റെ ആഹ്വാനം സ്വീകരിച്ചത്​ എന്ന്​ വ്യക്​തം. കെ.എസ്​.ആർ.ടി.സിയോട്​ ഇടത്​ സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ വലിയ അതൃപ്തി സി.ഐ.ടി.യു അംഗങ്ങൾക്കുണ്ട്​ എന്നതിന്‍റെ തെളിവാണ്​ സൂചന പണിമുടക്കിലെ സി.ഐ.ടി.യു സാന്നിധ്യം എന്ന്​ പണിമുടക്കിയവർ പറയുന്നു. 250 അംഗങ്ങളാണ്​ സി.ഐ.ടി.യുവിൽ നേരത്തേയുണ്ടായിരുന്നത്​. ഇതിൽ വലിയ കുറവാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. വിഷു, ഈസ്റ്റർ, രണ്ടു പെരുന്നാൾ, ഓണം സീസണുകൾ കെ.എസ്​.ആർ.ടി.സിയുടെ വരുമാന മാർഗങ്ങളായിരുന്നു. എന്നാൽ, കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും പെരുന്നാളിനും ജീവനക്കാർക്ക്​ ശമ്പളം നൽകാത്തതിന്‍റെ അതൃപ്തിയാണ്​ ഇപ്പോൾ പ്രകടമായിരിക്കുന്നതെന്ന് സമരാനുകൂലികൾ പറയുന്നു. ഭരണപക്ഷത്തുള്ള എ.ഐ.ടി.യു.സി, പ്രതിപക്ഷത്തെ ഐ.എൻ.ടി.യു.സി, ബി.എം.എസ്​ എന്നീ സംഘടനകളാണ്​ സൂചന പണിമുടക്ക്​ നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.