പട്ടികളുണ്ട്;​ സൂക്ഷിക്കുക

കാസർകോട്​: കവലകളിലും വഴിയോരങ്ങളിലും തെരുവുനായ്ക്കളുടെ വർധന രൂക്ഷമാകുന്നു. കോവിഡാനന്തരം എല്ലാ മേഖലകളും തുറന്നതോടെയാണ്​ തെരുവുനായ്ക്കളുടെ പെരുപ്പം പ്രകടമായത്​. തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (എ.ബി.സി) പദ്ധതി മാർച്ച്​ 30ന്​ അവസാനിക്കുകയാണ്​. പുതിയ പദ്ധതി രൂപംകൊള്ളുകയാണ്​. നടപ്പിലാകാൻ ഇനിയും കാലതാമസം വരും. ചില പഞ്ചായത്തുകൾ പദ്ധതിയുമായി സഹകരിക്കാത്തതാണ്​ ചിലയിടങ്ങളിൽ നായ്ക്കളുടെ എണ്ണം വലിയ തോതിൽ കാണപ്പെടുന്നതെന്നാണ്​ ആക്ഷേപം. ആവശ്യത്തിന്​ ഫണ്ട്​ പഞ്ചായത്തുകൾ നീക്കിവെക്കാത്തതാണ്​ കാരണം. നായ്ക്കളെ കൊന്നൊടുക്കാനാവില്ല. പിടിച്ചുകൊണ്ടുപോയി വന്ധീകരിച്ച്​ പിടിച്ച സ്ഥലത്തുതന്നെ വിട്ടയക്കുന്നതാണ്​ എ.ബി.സി പദ്ധതി. 2016ൽ ആരംഭിച്ച ഈ പദ്ധതി മാർച്ച്​ 31ന്​ അവസാനിച്ചു. കോവിഡ്​ അടച്ചിടലിനെ തുടർന്ന്​ കഴിഞ്ഞ രണ്ടു വർഷമായി പദ്ധതി വേണ്ടത്ര മുന്നോട്ടുപോയിരുന്നില്ല. ഇത്​ നായ്ക്കളുടെ പെരുക്കത്തിനു കാരണമായി. ചെവിമുറിഞ്ഞ നായ്ക്കളാണെങ്കിൽ വന്ധീകരിച്ചവയാണെന്നാണ്​ അർഥമാക്കേണ്ടത്​. ഇവക്ക്​ ശൗര്യം കുറവായിരിക്കും. മനുഷ്യരെ ആക്രമിക്കാനുള്ള പ്രവണത ഇവയിൽ കുറവായിരിക്കും. എന്നാൽ, ഇപ്പോൾ കാണപ്പെടുന്ന തെരുവുനായ്ക്കൾ ഏറെയും ചെവിമുറിഞ്ഞവയല്ല. അതേസമയം, എ.ബി.സി പദ്ധതി നടപ്പാക്കിയതുകൊണ്ടുമാത്രം തെരുവുനായ്ക്കളുടെ വർധന ഇല്ലാതാകുന്നില്ല. തെരുവുനായ്ക്കളുടെ സാന്നിധ്യവും വർധനയും ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം. അറവുമാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കൊണ്ടുതള്ളുന്നതാണ്​ ഇത്തരം സാചര്യത്തിനു കാരണം. ഇതിനെതിരെ നടപടിയെടുക്കേണ്ടത്​ തദ്ദേശ സ്ഥാപനങ്ങളാണ്​. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കുവേണ്ടി ബജറ്റിൽ ഫണ്ട്​ നീക്കിവെക്കണം. ഗ്രാമപഞ്ചായത്തുകൾ രണ്ടുലക്ഷവും ബ്ലോക്കുകൾ മൂന്നുലക്ഷവും നഗരസഭകൾ അഞ്ചുലക്ഷവും വിഹിതം നീക്കിവെക്കണം. ജില്ലപഞ്ചായത്തിനു​ 10 ലക്ഷമാണ്​ വിഹിതം. പുതിയ പദ്ധതി ഉടനെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതി ഊർജിതമായി നടക്കുമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ പ്രതികരിച്ചു. പുതിയ പദ്ധതി നിർദേശം അയച്ചുകഴിഞ്ഞു. പഴയ പദ്ധതി അവസാനിച്ചുവെങ്കിലും പുതിയ പദ്ധതി വരുന്നതുവരെ പഴയ പദ്ധതി സ്പിൽഓവർ ആയി നടപ്പാക്കും. ഇതിനായി പഞ്ചായത്ത്​ 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്​. ആസൂത്രണ ബോർഡ്​ അംഗീകാരം നൽകിയാൽ ഉടൻ നടപ്പാക്കും. 2016ൽ ആരംഭിച്ച എ.ബി.സി പദ്ധതി വഴി വന്ധീകരിച്ചത്​ 11100 നായ്ക്കളെയാണ്​. അവസാന സാമ്പത്തിക വർഷത്തിൽ കോവിഡ്​ കാലത്തുപോലും നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 2152 നായ്ക്കളെ വന്ധീകരണത്തിനു വിധേയമാക്കിയിട്ടുണ്ട്​. സഹായമുണ്ട്​ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റാൽ ഗ്രാമ പഞ്ചായത്തുകൾ സഹായം നൽകണമെന്നാണ്​ വ്യവസ്​ഥ. എന്നാൽ, എല്ലാ പഞ്ചായത്തുകളും ഗുണഭോക്​താക്കളെ കണ്ടെത്തി അറിഞ്ഞുനൽകാറില്ല. 2016-17 വര്‍ഷത്തില്‍ തെരുവുനായ് ആക്രമണത്തില്‍ 12,867 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2003ലെ കേരള പഞ്ചായത്തിരാജ് ദുരിതാശ്വാസ നിധി രൂപവത്കരണവും വിനിയോഗവും ചട്ടങ്ങളിലെ ചട്ടം 3(1) പ്രകാരം ഇതു നൽകാവുന്നതാണ്​. ഗ്രാമപഞ്ചായത്തിന്‍റെ മറ്റ് ഫണ്ടുകളില്‍നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസ നിധി രൂപവത്കരിക്കാവുന്നതാണെന്ന് വ്യവസ്ഥയുണ്ട്​. ഇത്തരത്തിലുള്ള ഗ്രാമപഞ്ചായത്തിന്‍റെ ദുരിതാശ്വാസ നിധിയില്‍നിന്നും, തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ഇലകമണ്‍ ഗ്രാമപഞ്ചായത്തുകളില്‍നിന്നും 3,000 രൂപയും തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളില്‍നിന്നും 3,650 രൂപയും പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും മലപ്പുറം ജില്ലയിലെ വട്ടംകുളം, വാഴയൂര്‍, എടക്കര എന്നീ ഗ്രാമപഞ്ചായത്തില്‍നിന്ന് 43 പേര്‍ക്കും വയനാട് ജില്ലയില്‍ കണയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. dogs അജാനൂർ പഞ്ചായത്തിലെ ചാലിങ്കാൽ-ചാമുണ്ഡി​ക്കുന്ന്​ റോഡ്​ തെരുവുനായ്ക്കൾ കൈയടക്കിയപ്പോൾ. പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.