കുടിവെള്ള വിതരണം നടക്കാത്ത ജലസംഭരണി
കാസർകോട്: നാടും നഗരവും ജലക്ഷാമത്തിലമരുമ്പോൾ മൊഗ്രാലിൽ നോക്കുകുത്തിയായി ജലസംഭരണികളും പദ്ധതികളും. ഈ വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ അതികഠിനമായ വേനൽ അനുഭവപ്പെടുമ്പോഴാണ് നാടുനീളെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാറുണ്ട്. എന്നാൽ, മുടങ്ങിക്കിടക്കുന്ന കുടിവെള്ളപദ്ധതികളിൽ പൂർത്തീകരണത്തിന് നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ലക്ഷങ്ങൾ ചെലവഴിച്ച് പണിത ജലസംഭരണികളാകട്ടെ നോക്കുകുത്തികളായി വിവിധ ഭാഗങ്ങളിൽ നിൽക്കുന്നുമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടുകൂടി ഏപ്രിൽ ഒമ്പത് കഴിയാതെ ശുദ്ധജലവിതരണം നടത്താനാവാത്ത അവസ്ഥയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. താപനില ഉയർന്നതോടെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. കുഴൽക്കിണറുകളിലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. മുൻകാലങ്ങളിലൊക്കെ കുഴൽക്കിണറുകൾ നന്നാക്കാനും പഞ്ചായത്തിന്റെ പൊതുകിണറുകൾ ശുചീകരിക്കാനും നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇപ്രാവശ്യം അതുമുണ്ടായിട്ടില്ല.
മൊഗ്രാൽ ഗാന്ധി നഗറിൽ രണ്ടു പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണി നോക്കുകുത്തിയായി നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമിച്ചത്. മൊഗ്രാൽ ബണ്ണാത്തംകടവിലെ എസ്.സി വിഭാഗക്കാർ താമസിക്കുന്ന കോളനിയിൽ കുടിവെള്ളമെത്തിക്കാൻ ജില്ല ഭരണകൂടം വർഷങ്ങൾക്കുമുമ്പ് കുത്തുബീനഗറിൽ സ്ഥാപിച്ച ജലസംഭരണിയും നോക്കുകുത്തിയായി തന്നെ നിൽക്കുന്നു. ഇവിടെ എസ്.സി കോളനിയിലെ കുഴൽക്കിണറുകളും പ്രവർത്തനരഹിതമായി കിടപ്പുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജില്ല ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ശുദ്ധജലമെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.