കാസർകോട്: . ദേളി -സഅദിയ കോളജിൽ എൽഎൽ.ബി കോഴ്സ് അനുവദിക്കുന്നതിന്‍റ ഭാഗമായി ഇന്നലെ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ പരിശോധനക്ക് എത്തിയിരുന്നു. നിലവിൽ ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളുള്ള സഅദിയ കോളജിൽ പുതിയ കോഴ്സായിട്ടാണ് നിയമപഠനം എത്തുന്നത്. കോളിയടുക്കത്തായിരിക്കും കാമ്പസ് ആസ്ഥാനം. ഈ സ്ഥലവും സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ എട്ടാമത്തെ കാമ്പസായി ഈയിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മഞ്ചേശ്വരത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സർവകലാശാല. ഇവിടെ എൽഎൽ.ബി കോഴ്സ് ആരംഭിക്കുന്നതിന്‍റെ നടപടി പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ നിയമപഠന കോഴ്സ് ആരംഭിക്കാൻ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്. ഇതിനുപുറമെ മഞ്ചേശ്വരത്ത് ലോ കോളജും ശിപാർശയിലുണ്ട്. സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധേയമായ കാമ്പസാണ് മഞ്ചേശ്വരത്ത് ആലോചിക്കുന്നത്. ഇതിനുപുറമെ നീലേശ്വരത്തും ലോ കോളജിന് അനുമതി നൽകിയിട്ടുണ്ട്. നീലേശ്വരം ലോ കോളജിനു കഴിഞ്ഞ ബജറ്റിൽ തുക അനുവദിച്ചിരുന്നു. ഇതിനു ബാർ കൗൺസിൽ അംഗീകാരം കാത്തിരിക്കുകയാണ്. പുതിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് കാസർകോട് ജില്ലക്ക് കൂടുതൽ പരിഗണന നൽകുന്നതിന്‍റെ ഭാഗമായാണ് നിയമപഠനം ഉൾപ്പെടെ പുതിയ കോഴ്സുകളും കോളജുകളും അനുവദിക്കുന്നത്. കൂടുതൽ കോളജുകളും പരിഗണനയിലുണ്ട്. നിയമപഠന കോഴ്സുകൾ ആരംഭിക്കുന്നത് അത്ര എളുപ്പമല്ല. സർവകലാശാലയുടെ തീരുമാനവും സർക്കാറിന്‍റെ അംഗീകാരവും മാത്രം പോരാ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം വേണം. അഞ്ച് ഏക്കർ സ്ഥലവും നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായ അധ്യാപകരും ഉൾപ്പെടെ ബാർ കൗൺസിൽ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ലോ കോളജിനു അംഗീകാരം നൽകുക. നിലവിൽ മൂന്നുവർഷത്തേക്ക് ലോ കോളജുകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് ബാർ കൗൺസിൽ തീരുമാനിച്ചിരിക്കുന്നതിനാൽ രാജ്യത്ത് എവിടെയും ലോ കോളജുകൾ ആരംഭിക്കാൻ സാധിക്കുന്നില്ല. നീലേശ്വരം ലോ കോളജിന് പ്രധാന തടസ്സമായി നിൽക്കുന്നത് ബാർ കൗൺസിൽ യോഗത്തിന്‍റെ ഈ തീരുമാനമാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മഞ്ചേശ്വരത്ത് എൽഎൽ.എം കോഴ്സ് പാലയാട് കാമ്പസിന്‍റെ ഭാഗമായി തുടങ്ങുന്നത്. പാലയാട് കാമ്പസിന് ബാർ കൗൺസിൽ അംഗീകാരമുള്ളതിനാൽ മഞ്ചേശ്വരം എൽഎൽ.എം കോഴ്സിന് അംഗീകാരം ആവശ്യമില്ല. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയിൽ കൂടുതൽ കോഴ്സുകളും കോളജുകളും അനുവദിക്കുന്നതിനുള്ള ശ്രമമാണ് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.