കാഞ്ഞിരപ്പൊയിലിൽ മിന്നലിൽ കനത്ത നാശം

കാഞ്ഞങ്ങാട്: ശനിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ മടിക്കൈ പഞ്ചായത്ത് പരിധിയിലും കനത്ത നാശം. പൂത്തക്കാൽ മൈത്തടത്ത് ഇ.വി. സുനിത താമസിക്കുന്ന കോൺ​ക്രീറ്റ് വീടിന് മിന്നലേറ്റതോടെ മെയിൻ സ്ലാബ് തകർന്നു. പുത്തൻ വീടി‍ൻെറ ചുമരും പലയിടത്തായി വിണ്ടുകീറി. ടെലിവിഷനും മറ്റ് വൈദ്യുതോപകരണങ്ങളും തകർന്നു. കോൺക്രീറ്റ് പാളികൾ അടർന്ന് വീണെങ്കിലും അടുക്കളയുടെ ഭാ​ഗത്ത് ആരും ഉണ്ടാകാതിരുന്നതോടെ ദുരന്തം ഒഴിവായി. കാഞ്ഞിരപ്പൊയിൽ കുളങ്ങാട് മേഖലയിലും ഇടിമിന്നൽ വൻ നാശനഷ്ടം ഉണ്ടാക്കി. തമ്പായിയും മകൾ പുഷ്പയും താമസിക്കുന്ന വീടിനോട് അനുബന്ധിച്ചുള്ള തെങ്ങിനും കുഴൽക്കിണറിലും ഇടിമിന്നൽ പതിച്ചു. തെങ്ങ് തലയൊടിഞ്ഞ് വീണതിനൊപ്പം കുഴൽ കിണറി‍ൻെറ വലിയ പി.വി.സി പൈപ്പടക്കം ഉരുകിപ്പോയി. നിലത്തെ മണ്ണ് ഉഴുതുമറിച്ച നിലയിലാണ്. കുഴൽക്കിണറിലേക്കുള്ള വൈദ്യുതി കണക്ഷനുള്ള വീടി‍ൻെറ മീറ്ററടക്കം പൊട്ടിത്തെറിച്ചു. തമ്പായിയുടെ മകൾ പുഷ്പ വീടി‍ൻെറ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകമാണ് പൊട്ടിത്തെറിയുണ്ടായത്. ഏച്ചിക്കാനത്തെ സതീശൻ മടത്തിനാട്ടി‍ൻെറ വീടും ഭാ​ഗീകമായി തകർന്നിട്ടുണ്ട്. ഇദ്ദേഹത്തി‍ൻെറ ഓടുപാകിയ വീടി‍ൻെറ പിന്നിലെ തെങ്ങ് കാറ്റിൽ ഒടിഞ്ഞുവീണു. പിൻവശത്തെ ഓടുമുഴുവൻ തകർന്നിട്ടുണ്ട്. അടുത്തിടെ നവീകരിച്ച വീടാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.