ആർദ്ര കേരളം പുരസ്കാരം കയ്യൂർ-ചീമേനിക്ക്; അർഹതക്കുള്ള അംഗീകാരം

ചെറുവത്തൂർ: ആരോഗ്യ മേഖലയിൽ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്ന കയ്യൂർ-ചീമേനി പഞ്ചായത്തിന്‌ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള ആർദ്ര കേരളം പുരസ്‌കാരം ലഭിച്ചു. വേറിട്ട പരിപാടികളിലൂടെ ജനാരോഗ്യ പരിപാടികൾ സംഘടിപ്പിച്ച കയ്യൂർ-ചീമേനിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായി മാറി. പഞ്ചായത്തിൽ നടപ്പാക്കിയ ആരോഗ്യ മേഖലയിലെ വ്യത്യസ്ത പദ്ധതികൾ പരിഗണിച്ചാണ്‌ അവാർഡിനായി തിരഞ്ഞെടുത്തത്‌. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ജല-ജന്തു രോഗങ്ങൾ പകരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനവും പഞ്ചായത്ത്‌ നടപ്പാക്കി. ജനങ്ങൾക്ക്‌ സേവനം ഉറപ്പുവരുത്താൻ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ലാബ്‌ ടെക്‌നീഷ്യൻ എന്നിവരുടെ സേവനം പഞ്ചായത്ത്‌ ഉറപ്പു വരുത്തി. പാലിയേറ്റിവ്‌ പ്രവർത്തനങ്ങൾക്കൊപ്പം രോഗികൾക്ക്‌ സ്വയം തൊഴിൽ പരിശീലനം ലഭ്യമാക്കി ജീവിതസാഹചര്യമൊരുക്കി. പഞ്ചായത്ത്‌ ഫണ്ടുകൾ ഉപയോഗപ്പെടുത്തി മാലിന്യങ്ങൾ ശേഖരിക്കാനുള്ള കണ്ടെയ്നറുകൾ സ്ഥാപിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക തുക ചെലവഴിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി. ഹോമിയോ ആശുപത്രികൾ വഴി രോഗ പ്രതിരോധ ഗുളിക, വയോജനങ്ങൾക്ക്‌ കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആയുർവേദ കിറ്റ്‌ എന്നിവ ലഭ്യമാക്കി. ആരോഗ്യ മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ പ്രഥമ പരിഗണന നൽകുന്ന പഞ്ചായത്ത്‌ ഇത്തവണത്തെ ബജറ്റിൽ 70 ലക്ഷം രൂപയാണ്‌ നീക്കിവെച്ചത്‌. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേകം ക്യാമ്പുകൾ, വയോജന ക്ലബ് വ്യായാമ ക്ലാസുകൾ, മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും പരിപാലന കേന്ദ്രങ്ങൾ, ആരോഗ്യ സേനകളുടെ പ്രവർത്തനം തുടങ്ങിയവയും നടപ്പാക്കി വരുകയാണ്‌. പടം... കയ്യൂർ-ചീമേനി പഞ്ചായത്ത് ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.