ആവേശമായി കാസർകോട്​ മാരത്തൺ

കാസർകോട്‌: ആറാമത്‌ കാസർകോട്‌ മാരത്തണിൽ അത്‌ലറ്റുകളുടെയും നാട്ടുകാരുടെയും വൻ പങ്കാളിത്തം. മാരത്തണിലും മിനി മാരത്തണിലുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു. ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ്‌ കാസർകോടാണ്​ മാരത്തൺ സംഘടിപ്പിച്ചത്‌. നഗരസഭ സ്‌റ്റേഡിയത്തിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന എന്നിവർ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. മുഹമ്മദ്‌ ഹാഷിം സ്വാഗതം പറഞ്ഞു. 12 കി.മീ മാരത്തൺ കാസർകോട് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച്‌ എസ്.പി ഓഫിസ്, പാറക്കട്ട, മീപ്പുഗിരി, ആർ.ഡി നഗർ, ഉളിയത്തടുക്ക, മധൂർ അമ്പലം പരിസരത്തെത്തി മടങ്ങി എസ്‌.പി നഗർ, ചെട്ടുംകുഴി വഴി സ്‌റ്റേഡിയത്തിൽ സമാപിച്ചു. അഞ്ച്‌ കി.മീ മിനി മാരത്തൺ സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച് ചെട്ടുംകുഴി, എസ്‌പി നഗർ വഴി ഉളിയത്തടുക്കയിൽ നിന്ന്‌ മടങ്ങി സ്‌റ്റേഡിയത്തിൽ സമാപിച്ചു. സമാപന ചടങ്ങിൽ എം. സദാശിവൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, നഗരസഭ ചെയർമാൻ വി.എം. മുനീർ, മധൂർ പഞ്ചായത്ത് പ്രസിഡൻറ്​ കെ. ഗോപാലകൃഷ്ണൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ ഹബീബ് റഹ്മാൻ, കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ് എന്നിവർ സംസാരിച്ചു. ഹബീബ്‌ ചെട്ടുംകുഴി സ്വാഗതവും മനോജ്‌ മേലത്ത്‌ നന്ദിയും പറഞ്ഞു. പാല, പാലക്കാട്​ ആധിപത്യം മാരത്തണിൽ പാലയുടെയും പാലക്കാടി​ന്റെയും ആധിപത്യം. വനിതകളിൽ ലിൻസി ജോസ്‌, എ.എം. അഞ്‌ജന, ബി.എസ്‌. കവിത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പാല അൽഫോൺസ്‌ കോളജ്‌ വിദ്യാർഥികളാണ്‌ ഇവർ. പുരുഷന്മാരിൽ കോഴിക്കോട്ടെ എം. നിതിൻകുമാർ, പാലക്കാട്ടെ കെ. അജിത്ത്‌, കൊടകിലെ ലക്ഷ്‌മണ ഭാണ്ഡിവാഡ എന്നിവർ വിജയികളായി. ഇരുവിഭാഗങ്ങളിലും 15,000, 10,000, 5000 രൂപയാണ്‌ സമ്മാനം. മിനി മാരത്തണിൽ പുരുഷന്മാരിൽ പാലക്കാട്ടെ എൻ.എസ്‌. സചിൻ, ജെ. ജെറാൾഡ്‌ സിസിൽ, മംഗളൂരുവിലെ ലാറ ഫ്രാൻസിസ്‌ എന്നിവരാണ്‌ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയത്‌. വനിതകളിൽ കാസർകോട്ടെ കെ. അർഷിത, കെ. ആശാലത എന്നിവരാണ്‌ വിജയികൾ. 12 - 15 വയസ്സ്​ വിഭാഗത്തിൽ ആൺകുട്ടികളിൽ മഞ്ചുനാഥ്‌, മാഹിൻ റിസ, നഹൽ ഖാലിദ്‌ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മുതിർന്നവരിൽ സുരേന്ദ്രൻ ഒന്നാമതെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.