കെൽ: പെൻഷൻ പ്രായം മാറ്റില്ല; വിവാദ നിർദേശങ്ങളിൽ ഭേദഗതി

blurb: പുതിയ ധാരണപത്രം നാളെ ഒപ്പിടും, കമ്പനി തുറക്കാനുള്ള തടസ്സം നീങ്ങി കാസർകോട്​: പൊതുമേഖല സ്ഥാപനമായ കെൽ-ഇ.എം.എൽ കമ്പനിയുടെ ധാരണപത്രത്തിലെ വിവാദ നിർദേശങ്ങളിൽ ഭേദഗതി വരുത്തും. പെൻഷൻ പ്രായം 58 ആയി തുടരും. 2020 മാർച്ച്​ 31വരെയുള്ള ശമ്പള കുടിശ്ശിക ധാരണപത്രം ഒപ്പിട്ടാൽ ദിവസങ്ങൾക്കകം നൽകും. കമ്പനി അടച്ചിട്ട രണ്ടുവർഷ കാലയളവിൽ ശമ്പളത്തിന്‍റെ 35 ശതമാനം നിജപ്പെടുത്തി കുടിശ്ശികയായും​ നൽകും. വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷുമായി ജീവനക്കാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ഇതോടെ, പൂട്ടിക്കിടക്കുന്ന കമ്പനി തുറക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. കേന്ദ്ര സ്ഥാപനമായ ഭെല്ലിൽനിന്ന്​ കമ്പനി സംസ്ഥാനം ഏറ്റെടുത്തതിനാൽ കേന്ദ്ര പെൻഷൻ പ്രായ​മായ 60 തുടരാൻ ആവില്ലെന്ന്​ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്​തമാക്കി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ​മായ 58 ആയി മാറ്റും. പെൻഷൻ പ്രായം കുറഞ്ഞതിനാൽ മേയിനകം 37 ജീവനക്കാർക്ക്​ വിരമിക്കേണ്ടിവരും. ഇവർക്ക്​ കമ്പനി പ്രവർത്തിച്ച 2020 മാർച്ച്​ 31വരെയുള്ള ശമ്പള കുടിശ്ശികയും ശേഷം അടച്ചുപൂട്ടിയ കാലയളവിലെ ശമ്പള കുടിശ്ശികയും ഒരുമിച്ച്​ നൽകും. മറ്റുള്ളവർക്ക്​ സാമ്പത്തിക നില കണക്കാക്കി വിവിധ സമയങ്ങളിലേ അടച്ചിട്ടകാലത്തെ ശമ്പളം നൽകൂ. 12 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കില്ല. കമ്പനി ലാഭത്തിലാകുന്നവരെ ശമ്പള വർധനയില്ലെന്ന വിവാദ നിർദേശവും ഭേദഗതി വരുത്തും. മൂന്നുവർഷമോ കമ്പനി ലാഭത്തിലാകുന്നതോ ഏതാണ്​ ആദ്യം വരുന്നതെന്നത്​ കണക്കാക്കി ശമ്പള വർധനയെന്നാണ്​ പുതിയ ഭേദഗതി. കേന്ദ്രം വിൽപനക്കുവെച്ച കമ്പനി സംസ്ഥാനം ഏറ്റെടുത്തെങ്കിലും പുതിയ തൊഴിൽ വ്യവസ്ഥകൾ കാരണം തുറക്കുന്നത്​ വൈകുകയായിരുന്നു. ​​ജീവനക്കാരുമായി ധാരണയായതിനാൽ ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കാനാണ്​ സാധ്യത. കെൽ ഇ.എം.എൽ മാനേജിങ്​ ഡയറക്ടർ ഷാജി വർഗീസ്​, യൂനിറ്റ്​ മേധാവി ജോസി കു​ര്യാക്കോസ്​, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.പി. മുഹമ്മദ് അഷ്റഫ് (എസ്​.ടി.യു), വി. രത്നാകരൻ (സി.ഐ.ടി.യു), എ. വാസുദേവൻ (ഐ.എൻ.ടി.യു.സി), കെ.ജി. സാബു (ബി.എം.എസ്​) എന്നിവർ ചർച്ചയിൽ പ​ങ്കെടുത്തു. kel eml company ബദ്രഡുക്കയിലെ കെൽ ഇ.എം.എൽ കമ്പനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.