കാട്ടാനകളെ തടയാൻ കാറടുക്ക ബ്ലോക്കിൽ സൗരോർജ വേലി

കാസര്‍കോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ജീവനു ഭീഷണിയുയര്‍ത്തുന്നതുമായ കാട്ടാനകളെ തടയാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തി​​ന്റെ സൗരോര്‍ജ തൂക്കുവേലി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും വനംവകുപ്പ് കാസര്‍കോട് ഡിവിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്നു വൈകീട്ട് നാലിന് അടൂര്‍ പുലിപ്പറമ്പില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 3.33 കോടി രൂപ ചെലവഴിച്ച് 29 കിലോമീറ്റര്‍ നീളത്തിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ല പഞ്ചായത്ത്, ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളും പങ്കാളികളാണ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്​. പൊലീസ് നിർമാണ കോർപറേഷനാണ് നിര്‍മാണ ചുമതല. തൂക്കുവേലിയോടനുബന്ധിച്ച് വാച്ച് ടവര്‍ (കാവല്‍മാടം), വാച്ചിങ് സ്റ്റേഷന്‍ (നിരീക്ഷണ കേന്ദ്രം), സെര്‍ച്ച് ലൈറ്റിങ് (നിരീക്ഷണ ദീപം) തുടങ്ങിയവയും ഒരുക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വെളക്കാനം മുതല്‍ ചാമക്കൊച്ചി വരെയുള്ള എട്ടു കിലോമീറ്റര്‍ നീളത്തിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. ഒരു മാസത്തിനകം ആദ്യ ഭാഗത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കും. വാർത്തസമ്മേളനത്തിൽ ഗോപാലകൃഷ്ണ, പി.വി. മിനി, എ.പി. ഉഷ, കെ. രമണി, ബി.കെ. നാരായണന്‍, പി.എം. ഹസൈനാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.