ജി.എസ്.ടി: വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെ ധർണ

കാസർകോട്​: ജി.എസ്.ടി.യുടെ മറവിൽ അനധികൃത കടപരിശോധനയും ടെസ്റ്റ് പർച്ചേസ് എന്ന പേരിൽ പിഴ ഈടാക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്​ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജി.എസ്​.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജി.എസ്​.ടിയുടെ തുടക്കത്തിൽ ഇടപാടുകാരുടെ പരിചയക്കുറവും സാങ്കേതിക പ്രശ്നങ്ങളുമായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ നിയമങ്ങളുടെ ദുർവ്യാഖ്യാനങ്ങളും അടിക്കടിയുള്ള നിരക്കുമാറ്റങ്ങളുമാണ് നടക്കുന്നത്​. ഇത്രയേറെ നികുതിനിരക്കുകളും സാങ്കേതിക നൂലാമാലകളും ലോകത്ത് വെറൊരു നികുതിവ്യവസ്ഥക്കും ഇല്ല - അഹമ്മദ്​ ഷരീഫ്​ പറഞ്ഞു. സംസ്ഥാന, ജില്ലതലങ്ങളിൽ ജി.എസ്‌.ടി പരാതി പരിഹാര സെല്ലുകൾ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പ്രശ്നം തീരുന്നില്ല. കേന്ദ്ര ജി.എസ്.ടി കൗൺസിലിന് മാത്രമേ തീരുമാനമെടുക്കാൻ അധികാരമുള്ളൂ എന്നാണ് പരാതി ഉന്നയിക്കുന്നവർക്ക് നൽകുന്ന മറുപടി. നികുതിവ്യവസ്ഥ ലളിതവും സുതാര്യവുമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജി.എസ്.ടിയിലേക്കുള്ള മാറ്റമെങ്കിലും ഫലത്തിൽ നികുതി സ്വയം അടയ്ക്കാൻ കഴിയാതെ വ്യാപാരികൾ വിദഗ്ധരുടെ സേവനം തേടേണ്ടിവരുന്നു. വാറ്റ്​ അവസാനിപ്പിച്ചിട്ട് അഞ്ച് വർഷമായി. ഒരു പുതിയ നിയമം വരുമ്പോൾ പഴയ നിയമം അസാധുവാകുകയാണ്​ പതിവ്​. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും വാറ്റ്​ അസാധുവായിട്ടും കേരളത്തിൽ ഇപ്പോഴും വാറ്റിന്‍റെ പേരിൽ കോടികൾ അടക്കാൻ നോട്ടീസ് നൽകുന്നു. ടെസ്റ്റ് പർച്ചേസ് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് തന്നെ വ്യക്തയും കൃത്യമായ മറുപടിയും ഇല്ല -അദ്ദേഹം പറഞ്ഞു. ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിലും ധർണയിലും നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.എച്ച്. ഷംസുദ്ദീൻ, ശങ്കരനാരായണ മയ്യ, ടി.എ. ഇല്യാസ്, ബി. വിക്രം പൈ, ജി.എസ്. ശശിധരൻ, എം.പി. സുബൈർ, പി. മുരളീധരൻ, എ.വി. ഹരിഹരസുതൻ, ബഷീർ കനില, മാഹിൻ കോളിക്കര, സരിജ ബാബു, സമീർ ഔട്ട്ഫിറ്റ്, കോടോത്ത് അശോകൻ നായർ, വിനോദ് സോമി, ഹരീഷ് കുമാർ, കെ.എം. ബാബുരാജ് എൻ.എം. സുബൈർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും ജില്ല സെക്രട്ടറി ശിഹാബ് ഉസ്മാൻ നന്ദിയും പറഞ്ഞു. ahammad sherif ജി.എസ്.ടിയുടെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്​.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.