ആവേശക്കടലായി കോട്ടച്ചേരി മേൽപാല ഉദ്ഘാടന ചടങ്ങ്​

കാഞ്ഞങ്ങാട്: വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് മാർച്ച് ഏഴിന് രാവിലെ പത്ത് മണിയോടെ പരിസമാപ്തിയായത്. തീരദേശവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷികളാകാൻ നൂറുകണക്കിനാളുകൾ. മന്ത്രിക്കൊപ്പം കോട്ടച്ചേരി പാലത്തിന് മുകളിലൂടെ നടക്കാൻ നാടൊരുമിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. 2003ൽ സർക്കാർ, മേൽപാല നിർമാണം റോഡ്സ് ബ്രിഡ്ജസ് കോർപറേഷനെ ഏൽപിച്ചു. 2016 ഡിസംബർ 20ന് ഭൂമി ഏറ്റെടുക്കാൻ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂൺ 30ന് മേൽപാല നിർമാണത്തിനായി 15 കോടി അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ജിയോ ഫൗണ്ടേഷൻ ആൻഡ് സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഉറപ്പിച്ചു. 2018 ഏപ്രിൽ 14ന് മേൽപാലത്തിന്റെ നിർമാണോദ്ഘാടനം നടന്നു. അന്ന് റവന്യൂ മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം.എൽ.എ കൂടിയായ ഇ. ചന്ദ്രശേഖരനാണ് മേൽപാലത്തിന് തറക്കല്ലിട്ടത്. സെപ്​റ്റംബറിൽ നിർമാണം ആരംഭിച്ചു. 21 മീറ്റർ നീളമുള്ള 10 സ്പാനും 32.4 മീറ്റർ നീളമുള്ള റെയിൽവേ സ്പാനും ഉൾപ്പെടെ ആകെ 11 സ്പാനാണുള്ളത്. രണ്ടുവരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നിർമിച്ച മേൽപാലത്തിന് അപ്രോച്ച് റോഡ് ഉൾപ്പെടെ 730 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ ഒരുവശത്ത് 1.5 മീറ്റർ നടപ്പാതയും നിർമിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274ന് പകരമായാണ് സംസ്ഥാന സര്‍ക്കാറും റെയിൽവേയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപാലം നിർമിച്ചത്. റെയില്‍വേ സ്പാന്‍ ഉ​ൾപ്പെടെ നിർമാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന് മേൽപാലം വേഗംകൂട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.