കര്‍ഷകരുടെ ഉന്നമനം സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്തം - മന്ത്രി പി. പ്രസാദ്

blurb: സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു കാസർകോട്: കര്‍ഷകര്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും കടമയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പാദനത്തില്‍ എല്ലാവരും സ്വയം പര്യാപ്തത കൈവരിക്കണമെന്നും ഇതിലൂടെ ഒരു പരിധിവരെ രോഗങ്ങളെ ഇല്ലാതാക്കാമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകനാണ് നാടിന്റെ നട്ടെല്ല്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തയാറായില്ലെങ്കില്‍ രാജ്യത്തിന്റെ ഗതി മാറും. ആരോഗ്യത്തിന് പരിഗണന നല്‍കുന്ന സമൂഹത്തില്‍ കൃഷി ജീവിതചര്യയാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. കേര- ക്ഷീര കര്‍ഷകരുടെയും തീരദേശ നെല്‍ കര്‍ഷകരുടെയും സംസ്ഥാനതല ശില്‍പശാലകളുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സ്റ്റാഫ് ക്ലബ് കലാകായിക മത്സരങ്ങളില്‍ വിജയിച്ച ടീമിനുള്ള ട്രോഫി മന്ത്രി സമ്മാനിച്ചു. ഔഷധസസ്യ മാതൃ തോട്ടത്തിന്റെയും ഔഷധ മൂല്യാധിഷ്ഠിത തോട്ടത്തിന്റെയും ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷമി നിര്‍വഹിച്ചു. പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈനും സെമിനാറുകളുടെ ഉദ്ഘാടനവും വിവിധ ജൈവ ഉൽപാദന ഉപാധികളുടെയും ജൈവ അരിയുടെ വിതരണോദ്ഘാടനവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരിയും നിര്‍വഹിച്ചു. കിഴങ്ങുവിളകളുടെ പ്രദര്‍ശനത്തോട്ടത്തിന്‍റെയും വിവിധ പരിശീലനങ്ങളുടെയും ഉദ്ഘാടനം സി.പി.സി.ആര്‍.ഐ സസ്യസംരക്ഷണ വിഭാഗം മേധാവി ഡോ. വിനായക് ഹെഗ്‌ഡേ ഐ.എഫ്.എസ്, തോട്ടം ഉദ്ഘാടനം പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ ഡോ. പി.കെ. മിനി എന്നിവര്‍ നിര്‍വഹിച്ചു. ആര്‍.എ.ആര്‍.എസ് എക്‌സിബിഷന്‍ ഹാള്‍ കേരള സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ അസോസിയറ്റ് ഡയറക്ടര്‍ ഡോ. പി. ജയരാജ് ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടർ ഡോ. ടി. വനജ, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.പി. നീമ, ആർ.എ.ആര്‍.എസ് അസോസിയറ്റ് പ്രഫസര്‍ പി.കെ. രതീഷ്, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ. കൃഷ്ണന്‍, മെംബര്‍ പി. അജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.