കാഞ്ഞങ്ങാട്: നഗരസഭയോട് ചേർന്ന ഗ്രാമമായിട്ടും ആവശ്യത്തിന് ബസ് സർവിസുകളില്ലാതെ മടിക്കൈ ഗ്രാമത്തിലെ ജനങ്ങൾ വലയുന്നു. കിഴക്കൻ മേഖലയായ എരിക്കുളം, കാഞ്ഞിരപ്പൊയിൽ, കാരാക്കോട്, മുണ്ടോട്ട് തുടങ്ങിയ മേഖലകളിലെല്ലാം മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പെർമിറ്റ് സ്വന്തമാക്കിയിട്ടും സ്വകാര്യ ഓപറേറ്റർമാർ സർവിസ് നടത്താത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് സർവിസ് തുടങ്ങണമെന്നാണ് ആവശ്യം. ബസ് ഇല്ലാത്തത് കാഞ്ഞിരപ്പൊയിൽ മോഡൽ കോളജ്, എരിക്കുളം ഐ.ടി.ഐ, പത്തോളം സർക്കാർ സ്കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ചാളക്കടവ് പുതിയ പാലത്തിലൂടെയടക്കം പെർമിറ്റ് നേടിയ ബസുകൾ ഓടുന്നില്ല. ഇതിന് പരിഹാരമായി രാവിലെ എട്ടിന് കാഞ്ഞങ്ങാട് നിന്ന് അലാമിപ്പള്ളി - അരയിപ്പാലം -ഗുരുവനം - കൂലോം റോഡ്- ചാളക്കടവ്- എരിക്കുളം -കാഞ്ഞിരപ്പൊയിലേക്കും, അവിടെ നിന്ന് 8.45 ന് മുണ്ടോട്ട് - ജില്ല ആശുപത്രി - കാഞ്ഞങ്ങാട് ഭാഗത്തേക്കും ഓടിയാൽ പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തെയും യാത്രാക്ലേശത്തിന് പരിഹാരമാകും. രാവിലെ 9.20 ന് കാഞ്ഞങ്ങാട് എത്തുന്ന ബസ് ചന്ദ്രഗിരി വഴി കാസർകോട് സിവിൽ സ്റ്റേഷൻ വരെ ഓടിച്ചാൽ സർക്കാർ ജീവനക്കാർക്കും ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.