നീലേശ്വരം പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർ ഒരേ ദിവസം വിരമിക്കുന്നു

നീലേശ്വരം: ദീർഘകാലത്തെ സേവനത്തിനുശേഷം നീലേശ്വരം പൊലീസ് സ്റ്റേഷനിലെ രണ്ട് സബ് ഇൻസ്​പെക്ടർമാർ ഒരേ ദിവസം വിരമിക്കുന്നു. തൃക്കരിപ്പൂർ തങ്കയത്തെ ഇ. ജയചന്ദ്രനും നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി. സതീശനുമാണ് ഫെബ്രുവരി 28ന് വിരമിക്കുന്നത്. ജനസേവനം ലക്ഷ്യമാക്കി തങ്ങളുടെ കർമപഥത്തിൽ ഒരു നെഗറ്റിവ് പേരുപോലും ഇല്ലാത്ത ഇരുവർക്കും നല്ല രീതിയിലുള്ള യാത്രയയപ്പ് ഒരുക്കാനാണ് സഹപ്രവർത്തകർ തീരുമാനിച്ചത്. ഇ. ജയചന്ദ്രൻ 1988ൽ ആദൂർ സ്റ്റേഷനിലാണ് പൊലീസ് സേവനം ആരംഭിക്കുന്നത്. തുടർന്ന് 2014ൽ എസ്.ഐയായി. തുടർന്ന്​ കണ്ണൂർ റേഞ്ച് ഐ.ജി ഓഫിസിൽ. ആറുവർഷം കാസർകോട് വിജിലൻസിൽ പ്രവർത്തിച്ചു. പഴയങ്ങാടി, കാഞ്ഞങ്ങാട് സ്റ്റേഷനിലും പ്രവർത്തിച്ചു. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ എസ്.ഐയായിരുന്നപ്പോൾ ആൾമാറി കൊലപാതകം, തുടർച്ചയായുള്ള തീവെപ്പ് സംഭവം, മാങ്ങാട് ക്ഷേത്രത്തിൽ പോത്തിൻ തലവെച്ച സംഭവം എന്നീ കേസുകളിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാർഥ പ്രതികളെ പിടികൂടിയത് ജയചന്ദ്രന് ഗുഡ് സർവിസ് ലഭിച്ച സംഭവങ്ങളാണ്. ഭാര്യ: അനില (എച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥ). ഏക മകൾ നീരജ പ്ലസ്ടു വിദ്യാർഥിനിയാണ്. കടിഞ്ഞിമൂലയിലെ സതീശൻ 1993ൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് സർവിസ് ആരംഭിക്കുന്നത്. തുടർന്ന് മഞ്ചേശ്വരത്തും ബദിയടുക്കയിലും പ്രവർത്തിച്ചു. 2018ൽ എസ്.ഐയായി തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിയമിച്ചു. തുടർന്ന് നീലേശ്വരത്ത് എസ്.ഐയായ ശേഷമുള്ള സർവിസിനു ശേഷമാണ് വിരമിക്കുന്നത്. പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറായി പ്രവർത്തിച്ചു. ഇപ്പോൾ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: ടി.കെ. മായ പടന്നക്കാട് കെ.എസ്.ഇ.ബി ഓഫിസിലെ കാഷ്യറാണ്. ബി.ടെക് അവസാന വർഷ വിദ്യാർഥി ഗോകുൽ, സെൻട്രൽ സ്കൂൾ വിദ്യാർഥി അമൽ എന്നിവർ മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.