ആകാശപാത: വിശദ പദ്ധതിരേഖ സമര്‍പ്പിച്ചു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തി‍ൻെറ സ്വപ്നപദ്ധതിയായ ആകാശപാത പദ്ധതിയുടെ വിശദ പദ്ധതിരേഖ റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചു. കിഫ്ബിയുടെ ടെക്നിക്കല്‍ വിഭാഗം, പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് ഇത്​ കൈമാറി. ഇവര്‍ ഇതില്‍ വിശദീകരണം നല്‍കുന്നതോടെ പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകും. പിന്നീട് കിഫ്ബിയുടെ ധനകാര്യ അനുമതി കിട്ടുന്നതോടെ പദ്ധതി കരാര്‍ നടപടികളിലേക്ക് നീങ്ങും. 80.66 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. 1710 മീറ്ററാണ് ആകാശപാതയുടെ നീളം. ഇതില്‍ തുടക്കത്തിലുള്ള 200 മീറ്ററില്‍ അപ്രോച്ച് റോഡ് വരും. അപ്രോച്ച് റോഡില്‍നിന്നു പാലത്തിലേക്ക് 168 മീറ്റര്‍ നീളത്തില്‍ സ്ലോപ് റോഡ് നിര്‍മിക്കും. 1120 മീറ്ററാണ് പാലത്തിൻെറ നീളം. 32 സ്പാനുകളും 31 പില്ലറുകളും ഉണ്ടാകും. പത്മ പോളിക്ലിനിക്കിന് സമീപത്തുനിന്ന് വ്യാപാരഭവന് സമീപം വരെയാണ് ആകാശപാത നിര്‍മിക്കുന്നത്. രണ്ടുവരി പാതയാണ് നിര്‍മിക്കുന്നത്. ഇ.ഐ ടെക്നോളജീസ് കണ്‍സള്‍ട്ടൻറാണ് പദ്ധതി രേഖ തയാറാക്കിയത്. 2017-18 ബജറ്റിലാണ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചത്. 2017 ജൂലൈ 10ന് ഭരണാനുമതി നല്‍കി. മൂന്നുവര്‍ഷ കാലാവധി കഴിഞ്ഞതിനാല്‍ 2021 ഫ്രെബുവരി 12ന് ഭരണാനുമതി വീണ്ടും പുതുക്കിനല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്തതിനാല്‍ നിര്‍മാണത്തില്‍ കാലതാമസം വരില്ല. കിഫ്ബിയുടെ അടുത്ത യോഗത്തില്‍ പദ്ധതിക്ക് ധനകാര്യ അനുമതി ലഭിച്ചേക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.